കടിച്ചതുമില്ല, പിടിച്ചതുമില്ല, കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്; പരിഹാസവുമായി കടകംപള്ളി

Published : Oct 03, 2019, 03:26 PM IST
കടിച്ചതുമില്ല, പിടിച്ചതുമില്ല, കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്; പരിഹാസവുമായി കടകംപള്ളി

Synopsis

കുമ്മനം രാജശേഖരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെടുത്തി വിമര്‍ശനം കുമ്മനം ഗതിയില്ലാ പ്രേതമായെന്നും വിമര്‍ശനം

തിരുവനന്തപുരം: വികെ പ്രശാന്തിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കുമ്മനം രാജശേഖരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളിയുടെ ചതിയെന്ന് പ്രസംഗിച്ച് നടക്കുന്നത് എല്ലാവരും തന്നെപ്പോലെയാണെന്ന് കരുതിയാണെന്ന് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു. കടുത്ത ഭാഷയിലാണ് കടകംപള്ളി കുമ്മനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശ കുമ്മനം രാജശേഖരന്‍ അസത്യപ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ കണ്ടു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പിയാകാന്‍ വന്ന കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിക്കാന്‍ വന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും. 

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കച്ചകെട്ടിയ കുമ്മനത്തിനെ ബിജെപി നേതൃത്വം കുതികാല്‍ വെട്ടിയതാണെന്ന് പരസ്യമായി സമ്മതിച്ചത് കുമ്മനം തന്നെയാണ്. പരാജയ ഭീതി മൂലം പിന്മാറിയതാണെന്ന കഥ പ്രചരിക്കുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ കാരണം അറിയില്ലെന്ന വിലാപവുമായി അദ്ദേഹം രംഗത്തെത്തിയത്. ഗവര്‍ണര്‍ സ്ഥാനം കൊടുത്തിട്ടും അതില്‍ തൃപ്തനാകാതെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട് രാജിവെച്ച് നാണം കെട്ടിട്ടും, വീണ്ടും മത്സര മോഹവുമായി വന്ന തന്നെ പോലെയാണ് എല്ലാവരുമെന്ന ധാരണ കുമ്മനത്തിനുണ്ടാകും. അതുകൊണ്ടാകാം അഡ്വ. വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളി സുരേന്ദ്രന്റെ ചതിയാണെന്നൊക്കെ നിലവാരമില്ലാതെ കുമ്മനം പ്രസംഗിച്ചു നടക്കുന്നത്. 

വികെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് ഞാനടങ്ങുന്ന പ്രസ്ഥാനമാണ്. പ്രശാന്തിനെ കൗണ്‍സിലറായി കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കാനും, ജയിച്ച് വന്നപ്പോള്‍ മേയറാക്കാനും തീരുമാനിച്ചത് ഞാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്ന് കുമ്മനം അറിഞ്ഞിട്ടുണ്ടാവില്ല. വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവരദോഷ പ്രചാരണവുമായി കുമ്മനംജി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.

കഴക്കൂട്ടത്ത് മാത്രമല്ല സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ നേരത്തെ തീരുമാനിക്കുന്ന പാര്‍ലമെന്ററി വ്യാമോഹികളുടെ പാര്‍ട്ടിയല്ല സിപിഐഎമ്മെന്ന പ്രാഥമിക ജ്ഞാനം കുമ്മനത്തിന് ഉണ്ടാകാന്‍ വഴിയില്ല. പക്ഷേ, വട്ടിയൂര്‍ക്കാവ് എംഎല്‍എയായി വി.കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെടുമെന്നത് പരോക്ഷമായി അംഗീകരിക്കുന്നതാണ് തന്റെ പ്രസ്താവനയെന്ന ബോധ്യം കുമ്മനത്തിനുണ്ടാകും. തന്നെ വെട്ടി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ മൂന്നാം സ്ഥാനം ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം പ്രസ്താവനകള്‍ കുമ്മനം നടത്തുന്നത്.

ഒരു കാര്യം അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. സിപിഐഎമ്മിലെ യുവ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവന്ന ചരിത്രമാണ് കടകംപള്ളി സുരേന്ദ്രനുള്ളതെന്ന് കുമ്മനം മനസിലാക്കുന്നത് നല്ലതാകും. അല്ലാതെ, തെരഞ്ഞെടുപ്പ് എന്ന് കേട്ട ഉടന്‍ സ്ഥാനാര്‍ത്ഥി കുപ്പായമിട്ട് ഇറങ്ങുന്ന ആളുകളെ നാട്ടുകാര്‍ക്കറിയാം.

കുമ്മനത്തെ വെട്ടിയെന്ന് പറയുന്നവര്‍ കുമ്മനത്തെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാന്‍ കഴിയില്ലെന്ന് ഇനി പറയുമെന്ന് അദ്ദേഹം സ്വയം വിമര്‍ശനം നടത്തിയതില്‍ സന്തോഷമുണ്ട്. കുറേക്കാലമായി കുമ്മനത്തെ തട്ടിയിട്ടും, മുട്ടിയിട്ടും നടക്കാനാകുന്നില്ലെന്ന് പരാതിയുള്ളവരാണ് ബിജെപിയിലെ സ്ഥാനാര്‍ത്ഥി മോഹികള്‍. കുമ്മനടി നാട്ടുകാര്‍ അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞതിന്റെ സങ്കടം തീര്‍ക്കാന്‍ മറ്റുള്ളവരുടെ മേലല്ല കുതിര കയറേണ്ടതെന്ന് മാത്രമേ പറയാനുള്ളൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ