പിഎസ്‍സി ഉദ്യോ​ഗാർത്ഥികളോട് മോശമായി സംസാരിച്ചെന്ന ആരോപണം തള്ളി കടകംപള്ളി സുരേന്ദ്രൻ

By Web TeamFirst Published Feb 22, 2021, 9:53 AM IST
Highlights

ഒരു നല്ല സര്‍ക്കാരിനെ അവസാനഘട്ടത്തിൽ അപമാനിക്കാൻ തങ്ങൾ കരുക്കളും കളിപാവയുമായി മാറിയെന്ന കുറ്റബോധം പിഎസ്.സി ഉദ്യോഗാര്‍ത്ഥികൾക്കുണ്ട്.

തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി തന്നെ കാണാനെത്തിയ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ത്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു. 

കടകംപള്ളിയുടെ വാക്കുകൾ - 

ചില പിഎസ്‍സി ഉദ്യോഗാര്‍ത്ഥികൾ ഇന്ന് രാവിലെ തന്നെ കാണാൻ വന്നിരുന്നു.അതിലൊരു പെണ്‍കുട്ടിയോട് റാങ്ക് എത്രയാണെന്ന് ചോദിച്ചപ്പോൾ 583 ആണ് റാങ്ക് എന്ന് പറഞ്ഞു. ഇനി പത്ത് കൊല്ലത്തേക്ക് കൂടി റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് ജോലി കിട്ടുമോ എന്ന് അവരോട് ഞാൻ ചോദിച്ചു.

നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങൾ മാറിയില്ലേ എന്നും ഞാൻ ചോദിച്ചു. ഇതിനോടൊന്നും അവര്‍ ഒന്നും പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവര്‍ ചെയ്തത്. പിന്നീടാണ് ചില മാധ്യമങ്ങൾ വന്നു എന്നെ കാണുകയും മന്ത്രി പറഞ്ഞത് കേട്ട് ഉദ്യോഗാര്‍ത്ഥികൾക്ക് വിഷമമായല്ലോയെന്ന് പറയുകയും ചെയ്തത്. 

അവര്‍ക്ക് നിശ്ചമായും സങ്കടമുണ്ടാവും. അതു കുറ്റബോധത്തിൽ നിന്നും ഉണ്ടാവുന്ന സങ്കടമാണ്. പി.എസ്.സിയുടെ റാങ്ക് പട്ടികയിൽ ഒരാളെ പോലും നിയമിക്കാതെ കാലാവധി തീര്‍ന്ന പട്ടികകളുള്ള കാര്യം നിങ്ങൾക്കറിയാമോ എന്ന് ഞാൻ ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചു... അവരതിന് ഒന്നും പറഞ്ഞില്ല.

റാങ്ക് പട്ടികയിലുള്ള മുഴുവൻ പേരേയും എടുക്കാതെയാണ് ഭൂരിപക്ഷം പി.എസ്.സി റാങ്ക് പട്ടികകളുടേയും കാലാവധി തീരുന്നത്. എൻ്റെ അനുവാദം വാങ്ങിയിട്ടോ എന്നോട് ചോദിച്ചിട്ടോ ഞാൻ ആവശ്യപ്പെട്ടിട്ടോ അല്ല പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ എന്നെ കാണാനെത്തിയത്. ഒരു നല്ല സര്‍ക്കാരിനെ അവസാനഘട്ടത്തിൽ അപമാനിക്കാൻ തങ്ങൾ കരുക്കളും കളിപാവയുമായി മാറിയെന്ന കുറ്റബോധം അവര്‍ക്കുണ്ട്. 

click me!