തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി കേസ് ഡയറി വിളിപ്പിച്ച് ഐജി ഹർഷിത അട്ടല്ലൂരി. കേസ് ഡയറി പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കും. യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകും. ജാമ്യാപേക്ഷ ജില്ലാ പോക്സോ കോടതി തള്ളിയ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി കടയ്ക്കാവൂർ എസ്ഐയെ ഇന്നലെ ഐജി വിളിച്ചു വരുത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. വിശദമായ വിവരങ്ങൾ തേടുന്നതിൻ്റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടായോയെന്നാണ് പരിശോധന. കേസ് ഡയറി ഇന്ന് കൈമാറും.
ഭർത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബത്തിൽ നിന്നും ഐജി വിവരങ്ങൾ തേടും. ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ചകളുണ്ടായിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാകും ഐജി റിപ്പോർട്ട് നൽകുക.
അതേസമയം പൊലീസിനെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബാലക്ഷേമ സമിതി. വിവരം നൽകിയയാളുടെ സ്ഥാനത്ത് തൻ്റെ പേര് ഉൾപ്പെടുത്തിയത് തിരുത്തി പൊലീസ് എഫ്ഐആർ നൽകണമെന്നാണ് ആവശ്യം. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇന്ന് ബാലക്ഷേമസമിതി ജില്ലാ അധ്യക്ഷ പരാതി നൽകും. കൗൺസിലിങ് റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുത്തതിൽ നിയമപ്രശ്നമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam