കടയ്ക്കാവൂർ പോക്സോ കേസ്: വീഴ്ച പറ്റിയിട്ടില്ല, തിടുക്കപ്പെട്ട് നടപടി ഉണ്ടായില്ലെന്നും പൊലീസ് റിപ്പോർട്ട്

By Web TeamFirst Published Jan 22, 2021, 8:28 PM IST
Highlights

സിഡബ്ല്യുസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ്, ഡോക്ടർ, മജിസ്ട്രേറ്റ് എന്നിവരുടെ മുന്നിൽ കുട്ടി മൊഴി നൽകിയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: അമ്മ പ്രതിയായ കടയ്ക്കാവൂർ പോക്സോ കേസിൽ അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ്. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജി റിപ്പോർട്ട് നൽകി. പൊലീസിൻ്റെ ഭാഗത്ത് നിന്ന് തിടുക്കപ്പെട്ട ഒരു നീക്കവുമുണ്ടായില്ലെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. 

പൊലീസ് പരാതി ലഭിച്ചപ്പോൾ തന്നെ കുട്ടിയെ കൗൺസിലിംഗിന് വിട്ടു. സിഡബ്ല്യുസി 9 ദിവസം കുട്ടിയെ കൗൺസിലിംഗ് നടത്തി. സിഡബ്ല്യുസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ്, ഡോക്ടർ, മജിസ്ട്രേറ്റ് എന്നിവരുടെ മുന്നിൽ കുട്ടി മൊഴി നൽകിയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.

പോക്സോ കേസിൽ ഇരയായ കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ട് അമ്മ ജയിലിലാണ്. ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചു. 

കുട്ടിയെ അച്ഛന്‍റെ അടുത്ത് നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിർദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തി. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവിൽ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. മെഡിക്കൽ കോളേജിലെ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും കോടതി നിരീക്ഷിച്ചു.
 

click me!