യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനകം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. നൂറിലധികം സീറ്റുകൾ നേടി ടീം യുഡിഎഫ് അധികാരത്തിലെത്തുമെന്നും, സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

കൊച്ചി: 24 മണിക്കൂറിൽ യു ഡി എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുയുഗ പിറവിക്കായി കേരളം ഇക്കുറി വിധിയെഴുതുമെന്നും ടീം യു ഡി എഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കേരളത്തെ തകർത്തു തരിപ്പണമാക്കിയ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കിയെന്നും സതീശൻ വിവരിച്ചു. മുസ്ലിം ലീഗുമായുള്ള ചർച്ചകളിൽ ഏറെക്കുറെ തീരുമാനമായി. ഒരു മണിക്കൂർ ഇരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് നേരത്തെ തന്നെ താൻ പറഞ്ഞതാണ്. ഇന്ന് അര മണിക്കൂറിൽ ലീഗുമായുള്ള ചർച്ച വിജയകരമായി പൂർത്തിയായെന്നും സതീശൻ വിവരിച്ചു. തിരുവമ്പാടി പട്ടാമ്പി വെച്ച് മാറലടക്കം എല്ലാ തീരുമാനങ്ങളും ഒരുമിച്ച് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എം പിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പറഞ്ഞ സതീശൻ, കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നായിരുന്നു മറുപടി.

കേരളത്തിലെയടക്കം തെരഞ്ഞെടുപ്പ് ഇപ്രകാരം

കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച്‌ 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.