തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ പ്രതിയായ പോക്സോ കേസിൽ ബാലക്ഷേമസമിതിയും സംശയത്തിൻറെ നിഴലിൽ. അമ്മയിൽ നിന്ന് ലൈംഗികപീഡനമുണ്ടായെന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നതായ് സിഡബ്ള്യുസി പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്തുവന്നു. അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി ഹർഷിത അട്ടല്ലൂരി കടയ്ക്കാവൂർ എസ്.ഐയെ വിളിച്ചുവരുത്തി.
അമ്മ പ്രതിയായ പോക്സോ കേസ് വിവാദമായതോടെ പൊലീസിനെതിരെ തിരിഞ്ഞ ബാലക്ഷേമ സമിതിയുടെ വാദങ്ങളെ തള്ളുന്നതാണ് കേസിലെ നടപടിക്രമങ്ങളുടെ നാൾവഴികളും രേഖകളും. പരാതി കിട്ടിയതിനെത്തുടർന്ന് പൊലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗൺസിലിങ് നടത്തി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടത് നവംബർ 10ന് ആണ്. നവംബർ 13ന് റിപ്പോർട്ട് തയാറാക്കിയതായാണ് ബാലക്ഷേമ സമിതി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. നവംബർ 30ന് ഈ റിപ്പോർട്ട് കിട്ടിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
16ന് ഇ മെയിൽ വഴി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ ഡിസംബർ 18ന് കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
അമ്മയ്ക്കെതിരായ പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാവശ്യപ്പെട്ടതിനനുസരിച്ച് നൽകുന്ന റിപ്പോർട്ട് എന്ന ആമുഖത്തോടെയാണ് റിപ്പോർട്ട് പൊലീസിന് നൽകിയത്. ബാലക്ഷേമ സമിതി അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞ തരത്തിൽ സമഗ്രമായ കൗൺസിലിങ് നടത്താൻ കഴിഞ്ഞില്ലെന്നോ, കൂടുതൽ കൗൺസിലിങ് വേണമെന്നോ ഉള്ള നിർദേശങ്ങളോ പരാമർശങ്ങളോ റിപ്പോർട്ടിൽ ഇല്ല താനും. കുട്ടി പറഞ്ഞ കാര്യങ്ങൾക്കൊപ്പം, അമ്മ ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് ബോധ്യമുണ്ടെന്നും, പറഞ്ഞ കാര്യങ്ങളിൽ കുട്ടി ഉറച്ചു നിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പോക്സോ നിയമ പ്രകാരം കേസെടുക്കാൻ, ഉത്തരവാദപ്പെട്ട ഏജൻസിയിൽ നിന്നുള്ള ഈ റിപ്പോർട്ട് മതിയെന്നാണ് പൊലീസ് പറയുന്നത്. വിവരംം നൽകിയയാളുടെ സ്ഥാനത്ത് ബാലക്ഷേമ സമിതി അധ്യക്ഷയുടെ പേര് രേഖപ്പെടുത്തിയതിൽ തെറ്റില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ തങ്ങൾ കൗൺസിലിങ് നടത്തി രേഖപ്പെടുത്തിയ വിവരങ്ങൾ മൊഴിയായി കാണാനാവില്ലെന്നാണ് ബാലക്ഷേമ സമിതി വിശദീകരിക്കുന്നത്. വിദഗ്ദ സമിതിയെ വെെച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷം വേണമായിരുന്നും കേസെടുക്കാനെന്നും പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്കായി ബാലക്ഷേമ സമിതി ഇടപെട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്രെ ഭാഗമായി കടയ്ക്കാവൂർ എസ്.ഐയെ വിളിച്ചു വരുത്തിയ ഐ.ജി ഹർഷിത അത്തല്ലൂരി രേഖകൾ പരിശോധിച്ചു. നടപടിക്രമങ്ങളിൽ പിഴവില്ലെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam