
തിരുവനന്തപുരം: കഠിനംകുളം പീഡനക്കേസിൽ പ്രതികളെ കുരുക്കി അഞ്ചു വയസ്സുകാരൻ്റെ നിർണ്ണായക മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് നിലവിളിച്ചപ്പോൾ അക്രമികൾ തന്നെയും മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അറസ്റ്റിലായ ആറു പ്രതികളിൽ നാലു പേർക്കെതിരെ പോക്സോ ചുമത്തി. ബാലാത്സംഗ ശ്രമത്തിന് ശക്തമായ തെളിവ് ലഭിച്ചതായി ആറ്റിങ്ങള്‍ ഡിവൈഎസ്പി പറഞ്ഞു.
മദ്യലഹരിയിലായിരുന്നപ്പോൾ പുതുക്കുറിച്ചിയിലെ ഭർത്താവിൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയ അക്രമി സംഘം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സ്ത്രീയുടെ മൊഴി. സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ അഞ്ചു വയസ്സുകാരനായ മകനുമുണ്ടായിരുന്നു. അമ്മയെ നാലു പ്രതികൾ ഉപദ്രവിക്കുന്നത് കണ്ടുവെന്നാണ് അഞ്ചു വയസുള്ള ആൺകുട്ടിയുടെ മൊഴി.
നിലവിളിച്ച തന്നെ അടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തുവെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു. യുവതിയെ കുറ്റിക്കാട്ടിൽ കൊണ്ട് വന്ന് ആക്രമിച്ച നാല് പ്രതികൾക്കെതിരെ ബലാത്സംഗശ്രമക്കുറ്റം കൂടാതെ പോക്സോയും ചുമത്തി. ഇതിൽ മുഖ്യപ്രതി നൗഫൽ ഒളിവിലാണ്. യുവതിയെ കടത്തികൊണ്ടു വന്ന നൗഫലിൻ്റെ ഓട്ടോ പൊലീസ് കണ്ടെത്തി.
വ്യക്തമായ ഗൂഡാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭർത്താവ് യുവതിക്ക് മദ്യം നൽകുമ്പോൾ പ്രതികൾ പുതുക്കുറിച്ചിയിലെ വീടിന് സമീപം ഉണ്ടായിരുന്നു. ഭർത്താവ് മുങ്ങിയ ശേഷം യുവതിയെ തന്ത്രപരമായി പുറത്തിറക്കി കൊണ്ടുപോയന്നാണ് പൊലീസിൻ്റെ നിഗമനം.
ഭർത്താവ് ഉൾപ്പെടെ 5 പേരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ മനോജിനെ കൂടി ഇന്ന് പ്രതി ചേർത്തു. ഭർത്താവിന് അപകടം സംഭവിച്ചുവെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ടു പോയെന്നാണ് യുവതിയുടെ മൊഴി. പീഡനശ്രമം നടക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫൊറസിക് പരിശോധനക്കയച്ചു. യുവതിയെയും കുട്ടിയും പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam