
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജയിൽമോചിതനായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം നൽകി സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. സിപിഎം വടകര ഏരിയ സെക്രട്ടറി കെ.ഗോപാലൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വടകര സബ്ജയിൽ മുതൽ വടകര ഏരിയ കമ്മിറ്റി ഓഫീസ് വരെ ജിതിനുമായി പ്രവർത്തകർ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ജിതിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സിപിഎം പൊതുയോഗവും സംഘടിപ്പിക്കും. കേസിൽ പതിനെട്ട് ദിവസമായി റിമാൻഡിലായിരുന്ന ജിതിന് ഇന്നലെയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ നടന്നത് രാഷ്ട്രീയ വേട്ടയാണെന്നായിരുന്നു ജിതിൻ്റെ പ്രധാനപ്പെട്ട വാദം. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജിതിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം 16നാണ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ രണ്ടുതവണ വടകര കോടതി തള്ളിയതോടെയാണ് ജിതിൻ ജില്ലാ കോടതിയെ സമീപിച്ചത്.വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജെയ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്ക്രീന്‍ ഷോട്ട്.യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതി ചേർത്തതെങ്കിലും, ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. പിന്നീട് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam