കാലടി സര്‍വകലാശാലയില്‍ വീണ്ടും വിവാദം; പിഎച്ച്ഡി പ്രവേശനത്തില്‍ അതൃപ്തിയെ തുടര്‍ന്ന് അധ്യാപകന്‍ രാജിവെച്ചു

By Web TeamFirst Published Feb 22, 2021, 5:40 PM IST
Highlights

വൈസ് ചാന്‍സലര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയ അധ്യാപകന്‍ പിവി നാരായണനെ സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സിന്‍ഡിക്കേറ്റ് നടപടിയില്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകര്‍ കടുത്ത അതൃപ്തിയിലാണ്. 
എസ്എഫ്‌ഐ നേതാക്കള്‍ക്ക് വേണ്ടിയാണ് അധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തതെന്നാണ് ആരോപണം.
 

കൊച്ചി: സംസ്‌കൃത സാഹിത്യത്തിലെപിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട്  കാലടി സര്‍വകലാശാലയില്‍ അതൃപ്തി പുകയുന്നു. സര്‍വകലാശാലയിലെ  ക്രമകേടുകളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സംസ്‌കൃത അധ്യാകപനും ഡീനുമായ ഡോ. വി ആര്‍ മുരളീധരന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. സര്‍വകലാശാല അധികൃതര്‍ നിയമ വിരുദ്ധമായും അധാര്‍മികമായും പെരുമാറുന്നതായി വി ആര്‍ മുരളീധരന്‍ രജിസ്റ്റാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. 

വൈസ് ചാന്‍സലര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയ അധ്യാപകന്‍ പിവി നാരായണനെ സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സിന്‍ഡിക്കേറ്റ് നടപടിയില്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകര്‍ കടുത്ത അതൃപ്തിയിലാണ്. 
എസ്എഫ്‌ഐ നേതാക്കള്‍ക്ക് വേണ്ടിയാണ് അധ്യാപകനെതിരെ അച്ചടക്ക നടപടിയെടുത്തതെന്നാണ് ആരോപണം.  ഇതിന് പിന്നാലെയാണ് മുതിര്‍ന്ന അധ്യാകപനും ഡീനുമായ ഡോ. വിആര്‍ മുരളീധരന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.

കാലടിയിലെ അധ്യാപകനെന്ന നിലയില്‍ അഭിമാനിച്ചിരുന്ന ആളായിരുന്നുവെന്നും എന്നാല്‍ നിലവിലെ വിവാദങ്ങളില്‍ അതീവ ദുഃഖമുണ്ടെന്ന് ഡോ. വിആര്‍ മുരളീധരന്‍ രജിസ്റ്റാര്‍ക്കയച്ച കത്തില്‍ പറയുന്നു. അക്കാദിമിക താത്പര്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ നിയമ വിരുദ്ധമായും അധാര്‍മികമായും ചിലര്‍ പെരുമാറുന്നു. സര്‍വകലാശാലയ്ക്ക് അപമാനകരമായ പ്രവര്‍ത്തികള്‍ക്ക് അധികൃതര്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപലപനീയമാണെന്നും ഡോ. വി.ആര്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു. നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്ത് വിടാതെ ഒളിച്ചുകളിക്കുന്ന സര്‍വകലാശാലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് അധ്യാപകന്റെ നടപടി.
 

click me!