മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. 4 മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.

കണ്ണൂർ: കഴുത്തിനു പരിക്കേറ്റെന്ന പരാതിയിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. പുലർച്ചെ നാലുമണിക്കാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴുത്തിന് ക്ഷതമുള്ള മന്ത്രി ആംബുലൻസ് ഇല്ലാതെ കാറിലാണ് യാത്ര ചെയ്തത്. ആരോഗ്യ മന്ത്രിക്ക് അഭിനയത്തിന് ഓസ്‌കർ അവാർഡ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചു.

അവസാനം ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത് മന്ത്രിക്ക് നിരന്തര നിരീക്ഷണം ആവശ്യമാനെന്നും ഐസിയുവിൽ തുടരണം എന്നുമാണ്. യാത്ര ചെയ്യാവുന്ന ആരോഗ്യസ്ഥിതി അല്ലെന്നും ഇന്നലെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ ഉണ്ട്. ഇതിനുശേഷം മന്ത്രി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് ഡിസ്ചാർജ് വാങ്ങിയത്. ഇതിനായി രാത്രി പത്തുമണിയോടെ മെഡിക്കൽ ബോർഡ് ഓൺലൈൻ യോഗം ചേർന്നു. പുലർച്ചെ നാലുമണിക്ക് പരിയാരത്തുനിന്നും കാർമാർഗ്ഗം മന്ത്രി യാത്ര തുടങ്ങി. മുദ്രാവാക്യം വിളികേട്ട് പിടലി ഉളുക്കിയ ആദ്യത്തെ മന്ത്രിയാണ് വീണ ജോർജ് എന്നും അഭിനയത്തിന് ഓസ്കാർ അവാർഡ് നൽകണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കഴുത്തിൽ ഗുരുതര പരിക്കേറ്റ രോഗിയെ ആംബുലൻസ് പോലും നൽകാതെ വിട്ടയച്ചത് വീഴ്ച്ചയാണെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം കളിയാക്കി. നാടകം പൊളിഞ്ഞതോടെയാണ് മന്ത്രിമടങ്ങിയതെന്ന് കെഎസ്‍യുവും പറഞ്ഞു. ഇതിനിടെ മന്ത്രിയുമൊത്തുള്ള ആശുപത്രി ഐസിയുവിലെ നേഴ്സുമാരുടെ ഫോട്ടോയിൽ വിശദീകരണക്കുറിപ്പും വന്നു. മാനസികമായി വിഷമത്തിലായിരുന്ന മന്ത്രിയോടൊപ്പം സന്തോഷം പങ്കിടുകയാണ് ചെയ്തതെന്ന് ആശുപത്രി നേഴ്സ് സ്മിത പിസി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‍യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർപിഎഫിന് അപേക്ഷ നൽകി. 

YouTube video player