കാലടിയിലെ പിഎച്ച്ഡി പ്രവേശനത്തിലും 'തിരുകിക്കയറ്റൽ' ശ്രമം, വിസിക്കെതിരെ പരാതിയുമായി വകുപ്പ് മേധാവി

By Web TeamFirst Published Feb 19, 2021, 6:57 AM IST
Highlights

സർവകലാശാലയ്ക്ക് താൽപ്പര്യമുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് വകുപ്പ് മേധാവി ഡോ. പി.വി നാരായണൻ രജിസ്റ്റാർക്ക് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കൊച്ചി: പിൻവാതിൽ നിയമന വിവാദങ്ങൾക്ക് പിന്നാലെ കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തെ ചൊല്ലിയും തർക്കം രൂക്ഷം. എസ് എഫ്ഐ നേതാക്കൾക്ക് വേണ്ടി സംസ്കൃത സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനം വൈസ് ചാൻസലർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. സർവകലാശാലയ്ക്ക് താൽപ്പര്യമുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് വകുപ്പ് മേധാവി ഡോ. പി.വി നാരായണൻ രജിസ്റ്റാർക്ക് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

നിനിത കണിച്ചേരി നിയമനത്തിൽ സർവകലാശാല നടപടിക്കെതിരെ വിഷയ വിദഗ്ധർ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കൃത വിഭാഗം വകുപ്പ് അധ്യക്ഷൻ തന്നെ വൈസ് ചാൻസലർക്കെതിരെ പരാതിയുമായി രംഗത്തെത്തുന്നത്. സംസ്കൃത സാഹിത്യ വിഭാഗത്തിൽ 21 പേരാണ് പിഎച്ച്ഡി അഡ്മിഷന് അപേക്ഷ നൽകിയത്. റിസർച്ച് കമ്മിറ്റി അഭിമുഖം നടത്തി ഇവരിൽ നിന്ന് 12 പേരെ തെരഞ്ഞെടുത്തു. എന്നാൽ ലിസ്റ്റിൽ നിന്ന് പുറത്തായ ചില വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എഫ്ഐ പരാതിയുമായി രംഗത്തെത്തി. തുടർന്ന് റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് തിരുത്തി നൽകാൻ വി.സി ആവശ്യപ്പെട്ടെന്നാണ് വകുപ്പ് അധ്യക്ഷൻ ഡോ. പിവി നാരയണൻ പറയുന്നത്. എന്നാൽ ഇത് അനുസരിക്കാത്തതിനെ തുടർന്ന് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഭീഷണി നേരിടുന്നതായും രജിസ്റ്റാർക്ക് അയച്ച കത്തിൽ ഡോ. പിവി നാരയണൻ വ്യക്തമാക്കുന്നു. 

രണ്ട് തവണ ചില വിദ്യാർത്ഥികൾ ചേർന്ന് തന്‍റെ ഓഫീസിൽ അതിക്രമിച്ച് കയറുകയും ബഹളം വെയ്ക്കുകയും ചെയ്തു. അധിക കാലം നിങ്ങളെ ഈ സ്ഥാനത്ത് ഇരുത്തുകയില്ലെന്നും അതിനുള്ള ആളും അധികാരവും ഞങ്ങളുടെ കയ്യിലുണ്ടെന്നും വിദ്യാർത്ഥി സംഘടന നേതാക്കൾ പറഞ്ഞതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വകുപ്പ് അധ്യക്ഷന്‍റെ പരാതി തള്ളിയ വൈസ് ചാൻസലർ പിഎച്ച്ഡി റാങ്ക് ലിസ്റ്റ് റിസർച്ച് റെഗുലേഷന് വിരുദ്ധമാണെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിനാൽ ഇതുവരെ നടത്തിയ അഡിമിഷനുകൾ താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. നടപടി സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണെന്നാണ് വൈസ് ചാൻസലറുടെ പ്രതികരണം

സംഭവത്തിൽ പരസ്യ പ്രതികരണത്തിന് വകുപ്പ് മേധാവി ഡോ. പിവി നാരയണൻ തയ്യാറായിട്ടില്ല. വൈസ് ചാൻസലറെ അനുസരിക്കാത്ത വകുപ്പ് മേധാവിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

click me!