ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിൽ ഇടതുവലതു മുന്നണികളെ വിമ‍ര്‍ശിച്ച് സിറോ മലബാര്‍ സഭ

By Web TeamFirst Published Feb 18, 2021, 9:37 PM IST
Highlights

മുട്ടിലിഴയുന്ന അഭസ്ത്യകേരളം എന്ന തലക്കെട്ടോടെയാണ് സത്യദീപത്തിന്‍റെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊച്ചി: ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ഇടത് വലത് മുന്നണികളെ വിമർശിച്ച് സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. മുട്ടിലിഴയുന്ന അഭസ്ത്യകേരളം എന്ന തലക്കെട്ടോടെയാണ് സത്യദീപത്തിന്‍റെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമരം തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു

പാർട്ടി ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും പിൻവാതിലിലൂടെ ജോലി ഉറപ്പാക്കുന്ന ഇടതു നയത്തിലെ ജനദ്രേഹം ഉയർത്തികാട്ടിയാണ് ഉദ്യോഗാർത്ഥികളുടെ സമരമെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി പ്രതിപക്ഷ കക്ഷികളും സജീവമായി രംഗത്തുണ്ടെന്നും സത്യദീപത്തിൻ്റെ എഡിറ്റോറിയൽ വിമര്‍ശിക്കുന്നു. 

കളവിനെ മറ്റൊരു കളവുകൊണ്ട് ന്യായീകരിക്കുന്നതിനപ്പുറം നിയമന നയത്തിൽ ഇടത് വലത് മുന്നണികൾ ഒരുപോലെ 
നിലവാരമില്ലാത്ത പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കാലടിയിലെ നിയമന വിവാദമെന്നും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ ഒരുപോലെയാണെന്നും എഡിറ്റോറിയൽ നിരീക്ഷിക്കുന്നു.

പ്രതിഷേധക്കാരുടെ രാഷ്ട്രീയമല്ല, പ്രതിഷേധത്തിന്‍റെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി തിരയേണ്ടത്. മറിച്ചായാൽ കർഷക സമരവേദിയിൽ അർബൻ നക്സലുകളെ തിരയുന്ന മോദി നയിക്കുന്ന വലത് സർക്കാരുമായി പിണറായി വിജയന്‍റെ ഇടത് സർക്കാരിന് സാദൃശ്യം സംശയിച്ചാൽ കുറ്റപ്പെടുത്തരുതെന്നും സിറോ മലബാർ സഭയുടെ മുഖപത്രം പറയുന്നു. 

click me!