തദ്ദേശ ഫലത്തിന്റെ ബലത്തിൽ കളമശ്ശേരി പിടിക്കുമോ അബ്ദുൽ ഗഫൂര്‍?, വികസനം പറഞ്ഞ് ചരിത്രം ആവർത്തിക്കുമോ രാജീവ്? നടക്കുക തീപാറും പോരാട്ടം!

Published : Mar 24, 2026, 08:58 PM IST
Politics

Synopsis

കേരളത്തിന്റെ വ്യവസായ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ കളമശ്ശേരിയിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. മധ്യകേരളത്തിന്റെ വികസന സ്വപ്നങ്ങളും തൊഴിലാളികളുടെ അതിജീവനവും ചർച്ചയാകുന്ന ഈ മണ്ഡലത്തിൽ ഇത്തവണത്തെ വിധി ആർക്കനുകൂലമാകുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 

വ്യവസായ നഗരമായ കളമശ്ശേരിയിൽ ഇക്കുറി പോരാട്ടം തീപ്പാറുകയാണ്. എറണാകുളം ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ഈ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും വ്യവസായ മന്ത്രിയുമായ പി. രാജീവും യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറും തമ്മിലുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. 2021-ൽ ലീഗ് കോട്ടയായിരുന്ന കളമശ്ശേരിയിൽ പി. രാജീവ് നേടിയ അട്ടിമറി വിജയം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ അന്ന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുറച്ചാണ് മുസ്ലീം ലീഗ് ഇത്തവണ അബ്ദുൾ ഗഫൂറിനെ വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. വ്യവസായ മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തും മണ്ഡലത്തിലും പി. രാജീവ് നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽഡിഎഫിന്റെ പ്രധാന ആയുധം. കൊച്ചിൻ യൂണിവേഴ്സിറ്റി, കിൻഫ്ര ഹൈടെക് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യം മണ്ഡലത്തിന് ഒരു ഹൈടെക് പരിവേഷം നൽകുന്നു. ഈ മേഖലകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.

അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി.ഇ. അബ്ദുൾ ഗഫൂർ തന്റെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഒരു സഹതാപതരംഗം മണ്ഡലത്തിലുണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ എലോർ, കളമശ്ശേരി നഗരസഭകളിലെയും സമീപ പഞ്ചായത്തുകളിലെയും വികസന തുടർച്ചയ്ക്കായി ജനങ്ങൾ തങ്ങളെ പിന്തുണയ്ക്കുമെന്ന് എൽഡിഎഫും ഉറച്ചു വിശ്വസിക്കുന്നു. വിദ്യാർത്ഥികൾ, ഐടി ജീവനക്കാർ, വ്യവസായ മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കളമശ്ശേരി. ഇവരുടെ നിലപാട് വിജയപരാജയങ്ങളെ നേരിട്ട് ബാധിക്കും. എൻഡിഎ സ്ഥാനാർത്ഥി എം.പി. ബിനു പിടിക്കുന്ന വോട്ടുകളും നിർണ്ണായകമാണ്. ചുരുക്കത്തിൽ, വികസനവും പാരമ്പര്യവും നേർക്കുനേർ നിൽക്കുന്ന കളമശ്ശേരിയിൽ വിജയം ആർക്കൊപ്പമാകുമെന്ന് പ്രവചിക്കുക പ്രയാസകരമാണ്.

മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ, 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം രൂപംകൊണ്ട മണ്ഡലത്തിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിലൂടെ 2011-ലും 2016-ലും മുസ്‌ലിം ലീഗ് ഇവിടെ ആധിപത്യം ഉറപ്പിച്ചു. എന്നാൽ 2021-ൽ ചിത്രം മാറി. ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിനെ കന്നി അങ്കത്തിൽ 15,336 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് പി. രാജീവ് ചുവപ്പൻ കൊടി പാറിച്ചു. ഇടതുപക്ഷത്തിന്റെ സംഘടനാ കരുത്തും രാജീവിന്റെ ജനകീയ പ്രതിച്ഛായയുമായിരുന്നു അന്ന് വിജയത്തിലേക്ക് നയിച്ചത്. എന്നാൽ 2026-ലേക്ക് എത്തുമ്പോൾ എൽഡിഎഫിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡന് നിയമസഭാ മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രപരമായ മുന്നേറ്റവും മന്ത്രിയെയും പാർട്ടിയെയും ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. മുപ്പത് വർഷം ഇടതുമുന്നണി ഭരിച്ച ആലങ്ങാട് പഞ്ചായത്തും പത്തു വർഷം ഭരിച്ച കരുമാലൂരും ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ യുഡിഎഫ് പിടിച്ചെടുത്തത് കളമശ്ശേരിയിലെ രാഷ്ട്രീയ കാറ്റ് മാറിവീശുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കണയന്നൂർ താലൂക്കിലെ കളമശ്ശേരി മുനിസിപ്പാലിറ്റി, ഏലൂർ നഗരസഭ എന്നിവയും പറവൂർ താലൂക്കിലെ ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം.

പി രാജീവ് എൽഡിഎഫ്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാനത്തെ കരുത്തനായ മന്ത്രിയുമാണ് പി രാജീവ് . വ്യവസായ വകുപ്പിലെ മികവും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയാണ് രാജീവ് വോട്ട് തേടുന്നത്. മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വലിയ വികസന പ്രവർത്തനങ്ങളും 'സ്നേഹവീട്' പോലുള്ള ജീവകാരുണ്യ പദ്ധതികളുമാണ് പി. രാജീവിന്റെ തുറുപ്പുചീട്ട്.

അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ-യുഡിഎഫ്

അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനായ ഗഫൂർ, കഴിഞ്ഞ തവണത്തെ പരാജയത്തിന് പകരം വീട്ടാനാണ് രംഗത്തിറങ്ങുന്നത്. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായ അദ്ദേഹം, മണ്ഡലത്തിലെ യുഡിഎഫിന്റെ ശക്തമായ വേരോട്ടത്തിൽ വിശ്വാസമർപ്പിക്കുന്നു. ഭരണവിരുദ്ധ വികാരവും ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് വിജയം കൊണ്ടുവരാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലേക്ക് അബ്ദുൽ ഗഫൂറിന് പ്രതീക്ഷ നൽകുന്നത്. അതേസമയം, എൻഡിഎ സ്ഥാനാര്‍ത്ഥിയായി എംപി ബിനു കൂടി രംഗത്തെത്തിയതോടെ ഇരു മുന്നണികൾക്കും മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

എം.പി. ബിനു-എൻഡിഎ

ബിഡിജെഎസ് സംസ്ഥാന നേതാവായ എം.പി. ബിനു എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മണ്ഡലത്തിലെ ബിജെപി - ബിഡിജെഎസ് വോട്ടുകൾ സമാഹരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. കഴിഞ്ഞ തവണ എൻഡിഎ നേടിയ പതിനായിരത്തിലധികം വോട്ടുകളിൽ ഇത്തവണ വലിയ വർദ്ധനവ് ഉണ്ടാകുമെന്നും അത് തങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നും ബിനു വിശ്വസിക്കുന്നു. എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മണ്ഡലത്തിലെ ഈഴവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്.

രാഷ്ട്രീയ സാഹചര്യങ്ങൾ

2021-ൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകിയ മണ്ഡലമാണെങ്കിലും, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ചിത്രം മാറിമറിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മണ്ഡലത്തിൽ വൻ ഭൂരിപക്ഷം നേടിയിരുന്നു. കളമശ്ശേരി നഗരസഭയിലും മിക്ക പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത് ഇടതുപക്ഷത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിൽ യുഡിഎഫിനുണ്ടായ മുന്നേറ്റം ഇത്തവണത്തെ ഫലത്തെ സ്വാധീനിച്ചേക്കാം. എന്നാൽ മന്ത്രിയെന്ന നിലയിൽ പി. രാജീവ് കൊണ്ടുവന്ന പദ്ധതികൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

വികസനവും ചർച്ചാവിഷയങ്ങളും

കൊച്ചിൻ യൂണിവേഴ്സിറ്റി, കിൻഫ്രാ ഹൈടെക് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, ഗവൺമെന്റ് മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ കളമശ്ശേരിയുടെ മുഖമുദ്രയാണ്. വ്യവസായ ശാലകളിലെ തൊഴിലാളി പ്രശ്നങ്ങൾ, പെരിയാറിലെ മലിനീകരണം, നഗരത്തിലെ ഗതാഗത കുരുക്ക് എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പ് ചർച്ചകൾ. പാലാരിവട്ടം അഴിമതി ആരോപണങ്ങളും മറ്റ് രാഷ്ട്രീയ വിവാദങ്ങളും കഴിഞ്ഞ തവണ മണ്ഡലത്തെ സ്വാധീനിച്ചിരുന്നെങ്കിൽ, ഇക്കുറി ഭരണവിരുദ്ധ വികാരവും വികസനത്തുടർച്ചയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. തൊഴിലാളി വോട്ടുകളും നഗര വോട്ടുകളും ഒരുപോലെ സ്വാധീനിക്കുന്ന കളമശ്ശേരിയിൽ ആര് ചിരിക്കും എന്നത് പ്രവചനാതീതമാണ്. രാഷ്ട്രീയ ജാഗ്രതയുള്ള ഇവിടുത്തെ വോട്ടർമാർ സര്‍ക്കാറിന്റെ വികസന വാദങ്ങളോ, പ്രതിപക്ഷത്തിന്റെ ദുര്‍ഭരണ വാദങ്ങളോ? ഏതിനാണ് ചെവികൊടുക്കുക എന്ന് മെയ് നാലിന് അറിയാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും
Punalur Assembly election 2026: ഇടതുപക്ഷത്തിനെ കൈവിടാത്ത മണ്ഡലം; പുനലൂരിൽ‌ അജയപ്രസാദിന് ഭൂരിപക്ഷം നിലനിർത്താനാകുമോ?