മോർച്ചറി തണുപ്പിൽ അമ്മയെ കാത്ത് ലിബ്ന; ആശുപത്രിക്ക് മുന്നിൽ നീറിനീറി അച്ഛൻ; മരിച്ചതറിയാതെ അമ്മയും സഹോദരങ്ങളും

Published : Nov 03, 2023, 02:59 PM IST
മോർച്ചറി തണുപ്പിൽ അമ്മയെ കാത്ത് ലിബ്ന; ആശുപത്രിക്ക് മുന്നിൽ നീറിനീറി അച്ഛൻ; മരിച്ചതറിയാതെ അമ്മയും സഹോദരങ്ങളും

Synopsis

കളമശേരി സ്ഫോടനത്തിൽ മരിച്ച ലിബ്‌നയുടെ മൃതദേഹം അഞ്ച് ദിവസമായിട്ടും സംസ്കരിച്ചിട്ടില്ല

കൊച്ചി : കളമശ്ശേരി സ്ഫോടനം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും മരിച്ച പന്ത്രണ്ട് വയസ്സുകാരി ലിബ്നയുടെ മൃതദേഹം സംസ്കരിച്ചിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ലിബ്നയുടെ അമ്മയ്ക്കും, സഹോദരനും  അവസാനമായി ഒരു നോക്ക് കാണാനാണ് കുഞ്ഞ് ശരീരം മോർച്ചറി തണുപ്പിൽ കഴിയുന്നത്. ഡിഎൻഎ പരിശോധനാ ഫലം കിട്ടാത്തതിനാൽ മരിച്ച പെരുമ്പാവൂർ സ്വദേശി ലെയോണ പൗലോസിന്‍റെ പോസ്റ്റുമോർട്ടവും നടത്തിയിട്ടില്ല.

മലയാറ്റൂർ നിലീശ്വരത്തെ വാടക വീട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച ഇറങ്ങിയവരാരും തിരികെ എത്തിയിട്ടില്ല. സ്ഫോടനം നടന്ന ദിവസം അർദ്ധരാത്രിയോടെയാണ് 12 വയസ്സുകാരി ലിബ്ന മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് മരിച്ച ലിബ്‌നയുടെ മൃതദേഹം അന്ന് മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ മോർച്ചറി തണുപ്പിലാണ്. അമ്മ സാലിയും മൂത്ത സഹോദരൻ പ്രവീണും സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്. ഇളയ സഹോദരൻ രാഹുലും ചികിത്സയിലാണ്. ലിബ്ന പോയത് ഇവരാരും അറിഞ്ഞിട്ടില്ല. 

എല്ലാം അറിയുന്ന ഉള്ളം വെന്തൊരാൾ, അച്ഛൻ പ്രദീപൻ. മകൾക്കടുത്ത് മോർച്ചറിയിലും സാലിക്കും മക്കൾക്കുമൊപ്പം ആശുപത്രിയിലും  നീറിപുകഞ്ഞ് കഴിയുകയാണ് അദ്ദേഹം. മെഴുകുതിരി നാളത്തിന്‍റെ പോലും പൊള്ളലേൽപിക്കാതെ അച്ഛനും അമ്മയും ചേട്ടന്മാരും കൊണ്ട് നടന്ന കുഞ്ഞാണ് അമ്മയ്ക്ക് അവസാന നോക്ക് കാണാനായി കാത്തിരിക്കുന്നത്.

പാചകത്തൊഴിലാളിയായ പ്രദീപൻ ഞായറാഴ്ച  ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകൻ പ്രവീണിന് ചെന്നൈയിൽ ജോലി കിട്ടിയതിന്‍റെ ആശ്വാസത്തിനിടെ ആണ് ദുരന്തം. പഠിക്കാൻ മിടുക്കിയായിരുന്നു ലിബ്ന. നിലീശ്വരം എസ് എൻ ഡി പി സ്കൂൾ ഏഴാം ക്ലാസിലെ ലീഡർ. സ്ഫോടനം നടന്ന കൺവെൻഷൻ സെന്‍ററിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഒരു മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചത്. പെരുമ്പാവൂർ സ്വദേശി ലെയോണ പൗലോസിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളെത്തിയെങ്കിലും ആർക്കും ഈ മൃതദേഹം തിരിച്ചറിയാനായില്ല.ഒ ടുവിൽ വിദേശത്ത് നിന്ന് എത്തിയ മകന്‍റെ ഡിഎൻഎ സംപിൾ പരിശോധനയ്ക്ക് അയച്ച് കാത്തിരിക്കുകയാണ് ബന്ധുക്കളും ആശുപത്രി അധികൃതരും. ലെയോണ പൗലോസിന്‍റെ മൃതദേഹം ആണെന്നതിൽ സ്ഥിരീകരണം കിട്ടിയാലേ പോസ്റ്റ്‌മോർട്ടം നടത്താനാകൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി