
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ നാളെ ആരംഭിക്കും. പിഡിപി നേതാവ് അബ്ദുല്‍ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്.
2005 സെപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസർ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്.
നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാന്‍ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. പിന്നീട് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെയും കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. മദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്.
ബസ് ഡ്രൈവറുടെയടക്കം എട്ട് പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പൊലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകള്‍ പിന്നീട് കാണാതായി. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് നാളെ വിചാരണ നടപടികള്‍ ആരംഭിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam