
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നൽകുകയാണ്. പൂർവ്വ വിദ്യാർത്ഥികൾ എന്ന പേരിൽ പിടിയിലായ ഷാരിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവർ കെഎസ്‌യു പ്രവർത്തകർ എന്ന് ഒരു മാധ്യമവും പറയുന്നില്ല. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും കെ എസ് യു പ്രവർത്തകനാണെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കെഎസ്‌യു സംസ്ഥാന നേതാവുമടക്കം നിൽക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐ നേതാവ് രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
നിലവിൽ അറസ്റ്റിലായ മൂന്ന് പേരും കെ എസ് യു പ്രവർത്തകരാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഡി സോൺ സംഘർഷത്തിൽ പെട്ട കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഗുണ്ടാ നേതാവ് മരട് അനീഷിനൊപ്പം നിൽക്കുന്ന ഫോട്ടോയും സഞ്ജീവ് പ്രദർശിപ്പിച്ചു. തുടർന്ന് പ്രതിപക്ഷ നേതാക്കൾക്കെതിരെയും സഞ്ജീവ് വിമർശനം ഉന്നയിച്ചു.എസ് എഫ് ഐ വിരുദ്ധ രാഷ്ട്രീയം മാത്രം പറയുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല എസ് എഫ് ഐ. വി ഡി സതീശന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളി കളയുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഇന്നത്തെ അവസ്ഥ വന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ മനസ്സിലാകാത്ത ഒരാളായത് കൊണ്ടാണ്. മൂന്ന് കെ എസ് യു നേതാക്കൾ പിടിയിലായിട്ടും മന്ത്രിമാർ പക്വതയോടെയാണ് പ്രതികരിച്ചത്. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെയാണ് അവർ പ്രതികരിച്ചതെന്നും സഞ്ജീവ് പറഞ്ഞു.
അതേസമയം അഭിരാജിനെ എസ് എഫ് ഐ യിൽ നിന്ന് പുറത്താക്കിയതായും നേതാക്കൾ അറിയിച്ചു. വിവാദ സംഭവത്തിൽ ഇന്നലെ ക്യാംപസിൽ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടിയെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam