'തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതി'; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

By Web TeamFirst Published Oct 21, 2020, 2:33 PM IST
Highlights

സമൂഹ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ദേശാഭിമാനി പത്രം ഉൾപ്പെടെ ഉള്ളവർക്ക് എതിരെയാണ് പരാതി. 

കൊച്ചി: കൊവിഡ് ഐസിയുവില്‍ രോഗി മരിച്ച സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി.  വെളിപ്പെടുത്തൽ നടത്തിയ തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ദേശാഭിമാനി പത്രം ഉൾപ്പെടെ ഉള്ളവർക്ക് എതിരെയാണ് പരാതി. പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

അതേസമയം, സി.കെ ഹാരിസ് എന്ന രോഗി മരിച്ച പരാതിയിൽ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കും. കൊവിഡ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മേലധികാരികളെ അറിയിച്ചിരുന്നെന്ന് ഡോ. നജ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐസിയുവിൽ താൻ ജോലി ചെയ്തിട്ടില്ലെന്ന മെഡിക്കൽ കോളേജിന്‍റെ ആരോപണവും ഇവർ തള്ളി. അതേസമയം, നജ്മയുടെ ആരോപണത്തെ കുറിച്ചും നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെ കുറിച്ചും അന്വേഷണം നടത്താൻ ആർഎംഇ ഉത്തരവിട്ടു.

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്‍റെ മരണം സംബന്ധിച്ച് കളശ്ശേരി സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കും. ആശുപത്രിയിൽ ഡൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇതിനിടെ മെഡിക്കൽ കോളജ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച്  കാര്യങ്ങൾ ആർഎംഒയുടെയും സൂപ്രണ്ടിൻറെയും ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് ഡോ. നജ്മ പറഞ്ഞു. ഇതിൻറെ ശബ്ദ രേഖയും നജ്മ പുറത്തു വിട്ടു.

അനാസ്ഥ സംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ലെന്നായിരുന്നു സൂപ്രണ്ട് അടക്കമുള്ളവർ ഇന്നലെ പറഞ്ഞത്. ഐസിയുവിൽ ജോലി ചെയ്തതിൻറെ തെളിവുകളും നജ്മ പുറത്തുവിട്ടു. സത്യം മൂടി വയ്ക്കാനാണ് മെഡിക്കൽ കോളേജ് അധികൃതർ ഇപ്പോഴും ശ്രമിക്കുന്നത്. സത്യം പറഞ്ഞ തനിക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും നജ്മ പറഞ്ഞു.

click me!