കളമശ്ശേരി മെഡിക്കൽ കോളേജ് സംഭവം: ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അന്വേഷണം തുടങ്ങി

Published : Oct 20, 2020, 07:13 AM IST
കളമശ്ശേരി മെഡിക്കൽ കോളേജ് സംഭവം: ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അന്വേഷണം തുടങ്ങി

Synopsis

കളമശേരി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ റംല ബീവി ആണ് അന്വേഷണം നടത്തുന്നത്

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ റംല ബീവി ആണ് അന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. 

മരിച്ച ഹാരിസിന്റെ ബന്ധുക്കളോടും സംസാരിക്കും. ഉടൻ അന്വേഷണം പൂർത്തിയാക്കി ആരോഗ്യവകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം. അതേസമയം ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നാണ്
മെഡിക്കൽ കോളേജിന്റെ വിശദീകരണം. 

വിവാദ മായ ഓഡിയോ സന്ദേശം തയ്യാറാക്കിയ നഴ്സിംഗ് ഓഫിസറെ ഇന്നലെ തന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഹാരിസിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഇന്ന് അന്വേഷണം തുടങ്ങുമെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. അതേമയം ഇന്ന് മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചെന്നായിരുന്നു നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിൻറെ ഭാഗമാണ് പുറത്തുവന്നത്. 

കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലായിരുന്നു സന്ദേശം. 

നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നുണ്ട്.

ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ടവിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു. 'വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗി അശ്രദ്ധമൂലമാണ് മരിച്ചത്. 

ഡോക്ടർമാർ ഇടപെട്ട് വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. ഹാരിസിന്റെ മരണത്തിൽ ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോൾ ചെയ്തിരുന്നു. 

ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് ഹാരിസിന്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊട്ടിക്കരഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർ തെല്ലും അയഞ്ഞില്ല, രാത്രി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കിയില്ല
പീച്ചി പൊലീസ് സ്റ്റേഷൻ മര്‍ദനം; തുടരന്വേഷണം നിലച്ചു, കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ഔസേപ്പ്