
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളെ പരിചരിക്കുന്നതിൽ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തിര യോഗം വിളിച്ചു. നോഡൽ ഓഫീസർമാരും നഴ്സിങ് ഓഫിസർമാരും ഹെഡ് നഴ്സുമാരും പങ്കെടുക്കും. സംഭവത്തിൽ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഇയുടെ നിർദേശം. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ നജ്‌മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്ന് അന്വേഷിക്കും. നഴ്സിങ് ഓഫീസർ അവരുടെ സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കും.
അതിനിടെ ആരോപണവുമായി കൂടുതൽ പേർ രംഗത്ത് വന്നു. കൊവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കൾ ആണ് പരാതിയുമായെത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റാൻ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കൾ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടൻ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിച്ചില്ലെന്ന് രോഗി തന്നെ പറഞ്ഞെന്നും ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും ബൈഹക്കി അയച്ച ഓഡിയോ സന്ദേശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്.
അതേസമയം സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കൽ കോളേജിന്റെ വാദമാണ് തള്ളിയത്. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കൽ കോളേജ് അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തിൽ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടർമാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവിൽ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam