
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും.
ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് ഇന്നലെ അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതല്ലെന്ന് വ്യക്തമായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. ശേഷം കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയെ വീട്ടിൽ വെച്ച് പിതാവ് ഫായിസ് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ ഉമ്മ ഷഹാനത്തും ബന്ധുക്കളും ആരോപിച്ചിരുന്നു.
മുമ്പ് ഫായിസിനെതിരെ ഭാര്യ ഷഹാനത്ത് നൽകിയ പരാതി ഒത്തുതീർക്കണം എന്നാവശ്യപ്പെട്ടായിരുന്നു നിരന്തരം ഉപദ്രവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫായിസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam