
തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിൽ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തു. പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. നെയ്യാറ്റിൻകരയിലെ ആരാധനാലയത്തിലെ വീട്ടിൽ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു. എഎസ്ഐയെ കുത്താൻ ഉപയോഗിച്ച കത്തി തമ്പാനൂരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഒളിവിൽ പോകുന്നതിന് മുമ്പ് ഉപേക്ഷിച്ച കത്തിയാണ് പൊലീസ് കണ്ടെത്തിയത്.
പ്രതികള്‍ വിൽസണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കണ്ടെത്തിയത്. പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലിൽ നിന്നാണ് ക്യൂ ബ്രാഞ്ച് തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചത്. എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയിൽ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. അതിന് ശേഷമാണ് കൊലപാതകവാർത്ത പത്രത്തിൽ കാണുന്നത്. ഇത് കണ്ടതോടെ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പിന്നിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തള്ളുന്ന ഇടത്തുള്ള ഓടയിൽ പ്രതികൾ തോക്ക് ഉപേക്ഷിച്ചു.
തുടർന്ന് ബസ്സിൽ ഉഡുപ്പിക്ക് പോവുകയായിരുന്നു. കർണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‍നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്നാണ് ജനുവരി ഏഴിന്, വെരാവൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന്‍റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിവരെന്ന് സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബംഗളുരു പൊലീസിന്‍റെ പിടിയിലാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്തതാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam