കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ മൊഴി പുറത്ത്, കുറ്റം സമ്മതിച്ചതായി സൂചന

By Web TeamFirst Published Jan 16, 2020, 3:06 PM IST
Highlights

സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും സ്ഥിരീകരണം. സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നൽകിയെന്നാണ് സൂചന.  

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ മൊഴി പുറത്ത്. കൊലപാതകം ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമെന്നാണ് പ്രതികളുടെ മൊഴി. തീവ്രവാദ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും സ്ഥിരീകരണം. സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നൽകിയെന്നാണ് സൂചന.  

കേസ് അന്വേഷിക്കുന്ന ഉന്നത തമിഴ്നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ പ്രതികളെ തക്കല പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉഡുപ്പിയിൽ പിടിയിലായ അബ്ദുൽ ഷമീമിനെയും തൗഫീഖിനെയും വൻ സുരക്ഷാ സന്നാഹത്തോടെയാണ് റോഡ് മാർഗം കളിയിക്കാവിളയിൽ എത്തിച്ചത്. പുലർച്ചയോടെ കളിയിക്കാവിളയിൽ എത്തി. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇരുവരെയും തക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പൊങ്കൽ അവധിയായതിനാൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കില്ല. കുഴിതുറ ജുഡീഷ്യൽ മജിസ്‌ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. 

ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. ഐഎസിൽ ചേർന്ന മെഹബൂബ് പാഷയാണ് ഇവർ ഉൾപ്പെട്ട 17 അംഗ സംഘത്തിന്‍റെ തലവൻ എന്ന് കർണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷ്യുടെ ബെംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്ഐആറിലുണ്ട്. അതേസമയം, തമിഴ്നാട് പൊലീസിന്റെ കമാൻഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

click me!