കളിയിക്കാവിള: എഎസ്ഐയുടെ കൊലപാതകത്തിന് കാരണം 'അറസ്റ്റ്'?

By Web TeamFirst Published Jan 9, 2020, 10:07 PM IST
Highlights

കളിയിക്കാവിള കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ നാഷണൽ ലീഗ് (തമിഴ്‌നാട്) എന്ന പുതിയ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്ന് തെളിഞ്ഞു. ഉൽ- ഉമ്മ ഉൾപ്പെടെ നിരോധിത സംഘടനയിലുള്ളവർ ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയാണിതെന്നാണ് വിവരം

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ നാഷണൽ ലീഗ് (തമിഴ്‌നാട്) എന്ന പുതിയ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്ന് തെളിഞ്ഞു. ഉൽ- ഉമ്മ ഉൾപ്പെടെ നിരോധിത സംഘടനയിലുള്ളവർ ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയാണിതെന്നാണ് വിവരം. എഎസ്ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ സംഘടനയിൽ ഉൾപ്പെട്ട മൂന്ന് പേരുടെ അറസ്റ്റാണെന്നാണ് വിവരം. ഈ വിരോധം എഎസ്ഐയുടെ വധത്തിൽ കലാശിച്ചുവെന്നാണ് നിഗമനം.

തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ഇന്ത്യൻ നാഷണൽ ലീഗ് (തമിഴ്‌നാട്) എന്ന സംഘടനയിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നത്. കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരുൾപ്പെട്ട പുതിയ സംഘടനയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇന്നലെ രാത്രി 10.30യോടെ ആയിരുന്നു ചെക്ക് പോസ്റ്റ് എഎസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ പ്രതികള്‍ വെടിവെച്ചത്. ഇന്നലെ ഡ്യൂട്ടിയില്‍ വില്‍സണ്‍ മാത്രമാണുണ്ടായിരുന്നത്.

പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‍നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്. തമിഴ്‍നാട്ടില്‍ തന്നെ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, ഷെമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്‍റലിജന്‍സ് ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‍നാട്ടിലോ കേരളത്തിലോ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നോ കൃത്യമായ ഉദ്ദേശം എന്തായിരുന്നെന്നോ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെക്കുറിച്ച് ഇപ്പോള്‍ പൊലീസിന് സൂചനയുണ്ട്. വലിയ ആസൂത്രിത നീക്കമാണ് പ്രതികളുടേതെന്നാണ് പൊലീസ് കരുതുന്നത്.

click me!