സുരേഷ് കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ നീക്കം

By Web TeamFirst Published May 19, 2019, 11:44 PM IST
Highlights

ക്രിമിനൽ കേസുകളിൽ ഒരിക്കൽ പ്രതികൾക്ക് അനുവദിച്ച ജാമ്യം അതേ കോടതിക്കു തന്നെ റദ്ദാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം

കൊച്ചി: സുരേഷ് കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ നീക്കം ശക്തം. നാളെ തിരിച്ചറിയൽ പരേഡ് നടത്താനിരിക്കെ കേസിലെ ഏഴ് പ്രതികൾക്കും കോടതി ജാമ്യം നൽകി. ഇവരുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം. 

കഴിഞ്ഞ മാസം 21 ന് പുലർച്ചെ സുരേഷ് കല്ലടയുടെ ബസിലെ യാത്രക്കാരെ ജീവനക്കാർ വൈറ്റിലയിൽ വച്ച് മർദ്ദിച്ച സംഭവത്തിലാണ്, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്.  പ്രതികളായ ജയേഷ്, രാജേഷ്, ജിതിൻ,അൻവറുദ്ദീൻ, ഗിരിലാൽ,വിഷ്ണുരാജ്, കുമാർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലർ പ്രോസിക്യൂഷന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകൻ ഇവരുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തില്ല. ഇതോടെയാണ് കോടതി ഏഴ് പ്രതികൾക്കും ജാമ്യം നൽകിയത്. ജാമ്യ ഉത്തരവ് വന്നയുടൻ കേസിലെ മൂന്നാം പ്രതിയായ തൃശൂർ സ്വദേശി എം.ജെ ജിതിൻ ജാമ്യത്തുക കെട്ടിവച്ച് ജയിലിന് പുറത്ത് പോകുകയും ചെയ്തു. 

എന്നാൽ തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കുന്ന കാര്യം പൊലീസ് കോടതിയെ വീണ്ടും അറിയിച്ചതിനെ തുടർന്ന് മറ്റ് ആറ് പ്രതികൾ ജയിലിന് പുറത്ത് പോകുന്നത് കോടതി വിലക്കുകയായിരുന്നു. ക്രിമിനൽ കേസുകളിൽ ഒരിക്കൽ പ്രതികൾക്ക് അനുവദിച്ച ജാമ്യം അതേ കോടതിക്കു തന്നെ റദ്ദാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണസംഘം. നാളെ കേസിലെ പരാതിക്കാരായ അജയഘോഷ്, സച്ചിൻ, മുഹൂദ് അഷ്കർ എന്നിവർ ജയിലിൽ എത്തി പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.ജാമ്യത്തിലിറങ്ങി പുറത്തുപോയ മൂന്നാം പ്രതിയുടെ തിരിച്ചറിയൽ പരേഡ് മറ്റൊരു ദിവസം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

click me!