
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ഗുഹയിലെ ധ്യാനത്തെ പരോക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് ഭഗവദ്ഗീതയിലെ ധ്യാനത്തെ പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച് സന്ദീപാനന്ദ ഗിരി കുറിപ്പ് എഴുതിയത്.
'ആരോരുമില്ലാത്ത ശുചിയായ സ്ഥലത്ത് അധികം ഉയരത്തിലല്ലാത്തതും എന്നാൽ താഴ്ചയിലുമല്ലാത്ത സമതലമായ ഒരിടത്ത് വസ്ത്രം,മാൻതോൽ,ദർഭപുല്ല് എന്നിവ മേൽക്കുമേൽ ക്രമമായി വിരിച്ച് ഇരിപ്പിടം തയ്യാറാക്കി മനസ്സിനെ ഏകാഗ്രമാക്കി ശരീരം,ശിരസ്സ്,കഴുത്ത്,ഇവയൊന്നും ചലിപ്പിക്കാതെ നേർ രേഖയിലെന്നവണ്ണം നിർത്തി അങ്ങുമിങ്ങും നോക്കാതെ മൂക്കിന്റെ അഗ്രത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഭയം കൂടാതെ ബ്രഹ്മചര്യവ്രതം സ്വീകരിച്ച് സ്വരൂപത്തെ തന്നെ ധ്യാനിച്ചുകൊണ്ടിരിക്കണം.
(രാജാവാണെങ്കിലും നാട്ടുകാരെ അറിയിച്ച് ധ്യാനിക്കരുതെന്ന് സാരം.)'- സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഗുരോ!
ധ്യാനം സർവനാശത്തിനു കാരണമാകുമെന്ന് ഭഗവത്ഗീതയിൽ പറയുന്നുണ്ടോ?
അവിടുന്ന് സത്യസന്ധമായി ഉത്തരമരുളിയാലും.
ഗുരു; പ്രിയ മിത്രമേ,ധ്യാനം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് അങ്ങയുടെ ചോദ്യം പ്രസക്തവും അവസരോചിതവുമാണ്.നിന്നിൽ നാം പ്രസാദിച്ചിരിക്കുന്നു.
ഭഗവത്ഗീതയിലെ രണ്ടാമദ്ധ്യായം സാംഖ്യയോഗത്തിൽ ഭഗവാൻ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട്.
പല പല വിഷയങ്ങളെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന ഒരുവന് അതിൽ സംഗമുണ്ടാകുന്നു,ആ സംഗത്തിൽ നിന്ന് അതിനെ അനുഭവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടാകുന്നു,തന്റെ ആഗ്രഹത്തിന് മുടക്കം വരുമ്പോൾ ക്രോധം ഉണ്ടാകുന്നു,ക്രോധത്തിൽ നിന്ന് അവിവേകമുണ്ടാകുന്നു,അവിവേകം ഹേതുവായി ഓർമ്മ നശിക്കുന്നു,ഓർമ്മനാശത്തിലൂടെ ബുദ്ധിനാശവും ബുദ്ധിനാശത്തിലൂടെ സർവനാശവും സംഭവിക്കുന്നു.
“ധ്യായതോ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോഭിജായതേ
ക്രോധാത് ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി.”
2-62,63
മഹാത്മജി ഈ ശ്ളോകം ഉദ്ധരിച്ചുകൊണ്ടാണ് പറഞ്ഞത് ഒരു രാഷ്ട്രത്തിന്റെ നാശം ഞാനിതിൽ കാണുന്നുവെന്ന്.
ഗുരോ അപ്പോൾ ശരിയായ ധ്യാനം എന്താണ്?
ഗുരു; മിത്രോം, അത് സ്വരൂപധ്യാനമാണ്,
ആരുമില്ലാത്ത ഏകാന്തതയിൽ വീട്ടിലെ ഒരുമുറിയാണ് ഉത്തമം ഞാനാര് എന്ന് അന്വേഷിക്കലാണത്.
ഭഗവത് ഗീത ആറാം അദ്ധ്യായം ധ്യാനയോഗം അതെല്ലാം കൃത്യമായി പറയുന്നുണ്ട്.
#ആരോരുമില്ലാത്ത ശുചിയായ സ്ഥലത്ത് അധികം #ഉയരത്തിലല്ലാത്തതും എന്നാൽ താഴ്ചയിലുമല്ലാത്ത സമതലമായ ഒരിടത്ത് വസ്ത്രം,മാൻതോൽ,ദർഭപുല്ല് എന്നിവ മേൽക്കുമേൽ ക്രമമായി വിരിച്ച് ഇരിപ്പിടം തയ്യാറാക്കി മനസ്സിനെ ഏകാഗ്രമാക്കി ശരീരം,ശിരസ്സ്,കഴുത്ത്,ഇവയൊന്നും ചലിപ്പിക്കാതെ നേർ രേഖയിലെന്നവണ്ണം നിർത്തി അങ്ങുമിങ്ങും നോക്കാതെ മൂക്കിന്റെ അഗ്രത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഭയം കൂടാതെ ബ്രഹ്മചര്യവ്രതം സ്വീകരിച്ച് സ്വരൂപത്തെ തന്നെ ധ്യാനിച്ചുകൊണ്ടിരിക്കണം.
(രാജാവാണെങ്കിലും നാട്ടുകാരെ അറിയിച്ച് ധ്യാനിക്കരുതെന്ന് സാരം.)
“ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന: നാത്യുച്ഛ്രിതം നാതി നീചം ചൈലാജിനകുശോത്തരം
തത്രൈകാഗ്രം മന: കൃത്വാ യതചിത്തേന്ദ്രിയക്രിയ: ഉപവിശ്യാസനേ യുഞ്ജ്യാത് യോഗമാത്മ വിശുദ്ധയേ.
സമം കായശിരോഗ്രീവം ധാരന്നചലം സ്ഥിര: സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ
പ്രശാന്താത്മാ വിഗതഭീ: ബ്രഹ്മചാരിവ്രതേ സ്ഥിത:മന: സംയമ്യ മച്ചിത്ത: യുക്ത ആസീത മത്പര:”
{6/11,12,13,14}
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam