
കൊച്ചി: വലിയ അപകടത്തിൽ നിന്നാണ് കരകയറിയതെന്നും എല്ലാവരും ചേര്‍ത്തുനിര്‍ത്തിയെന്നും കരുതലിന് നന്ദിയുണ്ടെന്നും ഉമ തോമസ് എംഎൽഎ. കല്ലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു. ദൈവത്തിന്‍റെ അനുഗ്രഹവും ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്‍റെയും പരിചരണവും കൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കരകയറാനായതെന്നും എല്ലാവരും തന്‍റെ കൂടെ നിന്നുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എം.എൽഎ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് എല്ലാ ക്രെഡിറ്റും നൽകാനുള്ളത്. കുടുംബവും പാര്‍ട്ടിയും ചേര്‍ത്തുനിര്‍ത്തി. വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ അപകടം നടന്ന കാര്യവും അതിനുശേഷമുള്ള സംഭവങ്ങളും ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. ആശുപത്രിയിലെ ദിവസങ്ങള്‍ നീണ്ട ചികിത്സക്കുശേഷമാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. ആശുപത്രിയിലെ അനുഭവങ്ങളും ഉമ തോമസ് പങ്കുവെച്ചു.
അപകടശേഷം ഒന്നും ഓര്‍മയുണ്ടായിരുന്നില്ലെന്ന് ഉമ തോമസ് പറഞ്ഞു. അതിനാൽ തന്നെ അപകടത്തിന്‍റെ വേദനകളൊന്നും ഒന്നും അനുഭവിച്ചിട്ടില്ല. ഓര്‍മ വന്നതിനുശേഷം കുറെ കാക്കി ഡ്രസിട്ട് ആളുകളെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷൻ ആണെന്നാണ് കരുതിയത്. ചോദിച്ചപ്പോഴാണ് ആശുപത്രിയിലാണെന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് ട്യൂബിൽ കൂടെ വരുമെന്നാണ് പറഞ്ഞത്. എന്ത് ചോദിച്ചാലും എല്ലാം അവര്‍ ചെയ്യുമെന്ന് മറുപടി നൽകിയത്. പിന്നെ ഒരു സാധനം കുത്തിവെച്ചിട്ട് ഇത് ഓക്സിജൻ ആണെന്നാണ് പറഞ്ഞത്. അപ്പോള്‍ നിങ്ങള്‍ക്ക് വിവരമില്ലെയെന്നും ഓക്സിജൻ നമ്മള്‍ മൂക്കിലൂടെ ശ്വസിക്കുന്നതല്ലേയെന്നൊക്കെയാണ് താൻ ചോദിച്ചത്.
ആശുപത്രിയാണെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ കുറെ കണ്ടിട്ടുണ്ടെന്നായിരുന്നു എന്‍റെ മറുപടി. ഒരോ ദിവസവും നഴ്സുമാര്‍ നൽകിയ പരിചരണം ഏറെ വിലമതിക്കുന്നതായിരുന്നു. അത്രയധികം ഒരോരുത്തരും ചേര്‍ത്തുപിടിച്ചു. റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും നഴ്സുമാരും നല്ലരീതിയിൽ പരിചരിച്ചു. അത്രയും ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും എനിക്ക് തിരിച്ചുവരാനായി. മിഷേൽ ഡോക്ടര്‍ ഉള്‍പ്പെടെ ചേര്‍ത്തുപിടിച്ചു. അപകടത്തെ അതിജീവിക്കാനായത് ഈ ആശുപത്രിയുടെ എംഡി അടക്കമുള്ളവരുടെ പ്രയത്നത്തിന്‍റെ ഫലമാണ്. ഫിസിയോ തെറപ്പി ടീം, സപ്പോര്‍ട്ടിങ് സ്റ്റാഫ് അങ്ങനെ എല്ലാവരും നല്ലരീതിയിൽ എന്ന് നോക്കി. കൃഷ്ണദാസും കൃഷ്ണനുണ്ണിയുമൊക്കെ എന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
ഉമ തോമസിന്റേത് അത്ഭുതകരമായ തിരിച്ചുവരവെന്ന് ഡോക്ടർ
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ 46 ദിവസം നീണ്ട ചികിത്സക്കുശേഷമാണ് ആശുപത്രി വിട്ടത്. ഉമ തോമസിന്റേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാൻ വിശ്രമം അത്യാവശ്യമാണെന്നും റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.അപ്രതീക്ഷിത വീഴ്ചയിൽ നിന്ന് അസാധാരണ ധൈര്യത്തോടെയാണ് ഉമ തോമസ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരുന്നത്. ശരീരത്തെ ഇഞ്ചിഞ്ചായി പിടിച്ചുലച്ച കൊടിയ വേദന അതിജീവിച്ച് പഴയ പുഞ്ചിരിയോടെയാണ് ഉമ തോമസ് ഇന്ന് ആശുപത്രി വിട്ടത്.
വീഡിയോ കോളിൽ ഉമ തോമസിന് ആരോഗ്യമന്ത്രി വീണ ജോർജ്ജും രമേശ് ചെന്നിത്തലയും ആശംസ അറിയിച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള മടക്കത്തിന് സാക്ഷിയാകാൻ എറണാകുളം ജില്ലാ കളക്ടറും ജില്ലയിലെ കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 29 നാണ് 12,000 പേർ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ കലൂർ സ്റ്റേഡിയത്തിൽ താത്കാലികമായി കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസ്സിന് പരിക്കേറ്റത്. സംഭവത്തിൽ നടത്തിപ്പുകാരായ മൃദംഗവിഷൻ ഭാരവാഹികൾ കേസിൽ ജാമ്യത്തിലാണ്.
ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു; ഡിസ്ചാര്‍ജ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam