
പാലക്കാട്: കൽപ്പാത്തി രഥോത്സവം കഴിഞ്ഞ തൃശൂർ പൂരം മാതൃകയിൽ നടത്താൻ സാധ്യത. കൽപ്പാത്തി രഥോത്സവം നടത്താൻ സ്പെഷ്യൽ ഉത്തരവിറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. നിലവിൽ 200 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ ഇളവ് വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥം വലിക്കാൻ കഴിയാത്തതിനാൽ പാലക്കാട് ജില്ലാ ഭരണകൂടം കൽപ്പാത്തി രഥോത്സവത്തിൽ രഥ പ്രയാണത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഉത്സവത്തിലെ പ്രധാന ചടങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി രഥോത്സവ കമ്മറ്റി രംഗത്തെത്തുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം രഥപ്രയാണം നടത്തി ഇത്തവണത്തെ ഉത്സവം ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ് തിങ്കളാഴ്ച്ച രഥോത്സവത്തിന് കൊടിയേറിയത്. എന്നാൽ 200 പേരെ വച്ച് രഥ പ്രയാണം നടത്താൻ കഴിയാത്തതിനാൽ അതൊഴുവാക്കി ചടങ്ങ് മാത്രമായി നടത്തണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഉത്സവത്തിന് എത്തുന്ന ജനങ്ങളെ സംഘാടകർ തന്നെ നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതോടെ ഉത്സവത്തിന് കൊടിയേറിയ ശേഷമുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൂടുതൽ ഇളവുകൾ ലഭ്യമായാൽ തൃശൂപൂരം മാതൃകയിൽ രഥോത്സവം നടക്കാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam