പരാതിക്കാർ ഓഹരി ഉടമകളെന്നും കേസ് നിൽനിൽക്കില്ലെന്നും കമറുദ്ദീൻ; പോപുലർ തട്ടിപ്പിന് സമാനമെന്ന് സർക്കാർ

By Web TeamFirst Published Nov 11, 2020, 1:37 PM IST
Highlights

താൻ എംഎൽഎ ആകുന്നത് വരെ കമ്പനി നല്ല രീതിയിൽ ആണ് പ്രവർത്തിച്ചത്. അതിനു ശേഷമാണ് നഷ്ടം ഉണ്ടായത്. വഞ്ചനാ കുറ്റം നിലനിൽക്കില്ലെന്നും കമറുദ്ദീൻ

കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ശക്തമായ വാദങ്ങളുമായി എംഎൽഎ എംസി കമറുദ്ദീന്റെ അഭിഭാഷകൻ. എന്നാൽ പോപുലർ ഗോൾഡ് തട്ടിപ്പിന് സമാനമാണ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. സ്വന്തം ലാഭത്തിനായി കമറുദ്ദീൻ അടക്കമുള്ളവർ പണം തിരിമറി നടത്തിയെന്ന് സർക്കാർ വാദിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്. താൻ ഓണററി ചെയർമാൻ മാത്രമാണ്. കമ്പനിയെ പ്രതി ചേർക്കാതെ തന്നെ മാത്രം പ്രതി ചേർത്തു. കേസ് നിലനിൽക്കില്ല. 2006 മുതൽ നിലവിലുള്ള കമ്പനിയാണ്. നിക്ഷേപകർ കമ്പനിയിലാണ് പണം നിക്ഷേപിക്കുന്നത്. ഇവരുടെ കരാർ മാനേജിങ് ഡയറക്ടറുമായാണ്. മറ്റുള്ള ഏഴ് ഡയറക്ടർമാർ കൂടിയുണ്ട്. തന്റെ ഇമേജ് നശിപ്പിക്കാനാണ് കമ്പനിയെ ഒഴിവാക്കി തനിക്കെതിരെ മാത്രം കേസെടുത്തത്. മറ്റ് ഡയറക്ടർമാർക്കെതിരെ പരാതിയില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

താൻ എംഎൽഎ ആകുന്നത് വരെ കമ്പനി നല്ല രീതിയിൽ ആണ് പ്രവർത്തിച്ചത്. അതിനു ശേഷമാണ് നഷ്ടം ഉണ്ടായത്. വഞ്ചനാ കുറ്റം നിലനിൽക്കില്ല. പണം നിക്ഷേപകർക്ക് നൽകാനുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണം. പരാതിക്കാർ ഡെപോസിറ്റർമാരല്ല, നിക്ഷേപകരാണെന്നും കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു.

ഫാഷൻ ഗോൾഡ് നിക്ഷേപം സ്വീകരിച്ചത് നിയമ വിരുദ്ധമായാണെന്ന് സർക്കാർ സത്യവാങ്മൂലം നൽകി. ഇങ്ങനെ നിക്ഷേപം സമാഹരിക്കാൻ ഫാഷൻ ഗോൾഡിന് അനുമതി ഇല്ല. തെറ്റായ വിവരങ്ങളാണ് കമ്പനി വിവിധ സർക്കാർ ഏജൻസികൾക്ക് നൽകിയത്.  2019ൽ നടത്തിയ റെയ്‌ഡിൽ ഇക്കാര്യം വ്യക്തമായി. കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് ഓഹരി പത്രം നൽകിയിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലം. കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്വർണവും ആഭരണങ്ങളും കാണാതായതിനെ കുറിച്ച് അന്വേഷണം വേണമെന്നും അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ജ്വല്ലറിയിൽ 56 ലക്ഷം രൂപയാണ് തന്റെ നിക്ഷേപമെന്ന് കമറുദ്ദീൻ വാദിച്ചു. ഓഹരി ഉടമകൾക്ക് പരാതിയുണ്ടെങ്കിൽ കമ്പനി ലോ ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടത്. അല്ലാതെ പൊലീസിനെയല്ല. 2019 സെപ്തംബർ വരെ കൃത്യമായി ഡിവിഡന്റ് നൽകിയതാണെന്ന് കമറുദ്ദീൻ ഹൈക്കോടതിയിൽ വാദിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാൻ തനിക്ക് അവസരം നൽകണമെന്നും കമ്പനിയിലേക്ക് പണം തിരികെ ലഭിക്കേണ്ടതുണ്ടെന്നും കമറുദ്ദീൻ പറഞ്ഞു. എല്ലാ സ്വത്തുക്കളും മരവിപ്പിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് വിവാദമായ പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിന് സമാനമാണ്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. ആവശ്യമെങ്കിൽ ജ്വല്ലറിയുടെ മറ്റ് ഡയറക്ടർമാരെ പ്രതി ചേർക്കും. കമറുദ്ദീനും പൂക്കോയ തങ്ങളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കമറുദ്ദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കും. സ്വന്തം ലാഭത്തിനായി ഇദ്ദേഹം പണം തിരിമറി നടത്തിയെന്നും അന്വേഷണ സംഘത്തിന്റെ അഭിഭാഷകൻ വാദിച്ചു. കേസ് വിധി പറയാനായി മാറ്റി.

click me!