
തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഇപ്പോൾ ആരെയും എടുക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്‍ഡിഎയ്ക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെയും തോൽപ്പിച്ചാണ് എല്‍ഡിഎഫ് ജയിച്ചത്. എല്‍ഡിഎഫ് രാഷ്ട്രീയവും വിശ്വാസസവും കൂട്ടികലക്കില്ല. വിശ്വാസികളുടെയും അവിശ്വാസികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന മത നിരപേക്ഷ മുന്നണിയാണിത്.
ജനങ്ങളുടെ പ്രശ്‌നമാണ് ചർച്ചയാകുന്നത്. വോട്ട് കച്ചവടം- മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ്. വോട്ട് ജനങ്ങളുടെ ചിന്തയ്ക്കും യുക്തിക്കും അനുസരിച്ചുള്ളതാണ്. എൽഡിഎഫ് നിലപാടുകളോട് യോജിക്കുന്ന എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും പാലായിലെ ജനവിധി എല്ലായിടത്തും ആവർത്തിക്കുമെന്നും കാനം പറഞ്ഞു.
ബിഡിജെഎസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സിപിഐ നിര്‍ണായക നിലാപട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒപ്പം തന്നെ നില്‍ക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കയിരിക്കുന്നത്.
ബിഡിജെഎസ്, മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പ് തുഷാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ വിലയിരുത്തി രാഷ്ടീയ നിലപാട് സ്വീകരിക്കാനാണ് ബിഡിജെഎസിന്‍റെ തീരുമാനം.
ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒപ്പം തന്നെയെന്ന് തുഷാര്‍ വ്യക്തമാക്കിയത്. സാമുദായിക സംഘടനയായ എസ്എൻഡിപി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ലന്നും തുഷാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരാണ്. എന്‍എസ്എസിന്‍റെ ശരിദൂര നിലപാട് എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നും തുഷാര്‍ പറഞ്ഞു.
വോട്ടുകച്ചവടം നടത്തിയിട്ട് പാലായില്‍ തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്‍റെ തലയില്‍ ബിജെപി കെട്ടിവെക്കുന്നെന്നായിരുന്നു തുഷാര്‍ ഇന്നലെ പറഞ്ഞത്. പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും തുഷാര്‍ വിമര്‍ശിച്ചിരുന്നു. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ലെന്നും ഇന്നലെ തുഷാര്‍ പറഞ്ഞിരുന്നു. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു. ഇതിന്‍റെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
ഇത്തരത്തില്‍ ബിജെപിക്കെതിരായ പരസ്യമായ യുദ്ധ പ്രഖ്യാപനം എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിന്‍റെ മുന്നോടിയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനത്തിന്‍റെ പ്രതികരണം.