
മലപ്പുറം: വയനാട്ടിൽ സർവ്വജനസ്‌കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പിടിഎ മാത്രമാണ് കുറ്റക്കാരെന്ന് പറയാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗവൺമെന്‍റിനും വിദ്യാഭ്യാസവകുപ്പിനുമാണ് ഉത്തരവാദിത്തമെന്നും കാനം ചൂണ്ടികാട്ടി.
വളരെയേറെ നിർഭാഗ്യകരവും സമൂഹമനസാക്ഷിയെ വേദനിപ്പിക്കുന്നതുമാണ് കുട്ടിയുടെ മരണം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ സർക്കാർ ഏറെ മുന്നേറിയ സാഹചര്യത്തിൽ വയനാട്ടിലെ സ്‌കൂളിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ മുൻനിർത്തി ഒരു സാമാന്യവൽക്കരണം നടത്തുന്നത് ശരിയല്ല. പൊതുവിദ്യാലയങ്ങൾക്കെതിരെ രംഗത്തുവരുന്നവർ നാലുലക്ഷത്തോളം വിദ്യാർത്ഥികള്‍ അൺഎയ്ഡ് സ്‌കൂളുകൾ വിട്ട് പൊതുവിദ്യാലയങ്ങളിലെത്തിയതെന്ന് ഓർക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. സർവ്വജന സ്‌കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ സര്‍ക്കാര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും കാനം വ്യക്തമാക്കി.
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. അവരെ കൊന്നൊടുക്കികൊണ്ട് ഒരു പരിഹാരം സാധ്യമാണെന്ന് സിപിഎമ്മിനും അഭിപ്രായമുണ്ടാകില്ല. മാവോയിസ്റ്റുകൾ വർഗ്ഗശത്രുക്കളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വ്യാജ ഏറ്റുമുണ്ടലുകളുണ്ടാക്കി മാവോയിസ്റ്റുകളെ ഇല്ലായ്മചെയ്യുക എന്ന കേന്ദ്രത്തിന്റെ നയം കേരള സർക്കാരിനില്ല. മാവോയിസ്റ്റുകൾ ഒരു സാമൂഹിക പ്രശ്‌നമാണ്. അതിന് പരിഹാരം ഉണ്ടാക്കേണ്ടത് വെടുയുണ്ടകൊണ്ടല്ലെന്നും രാഷ്ട്രീയപരമായാണെന്നും കാനം പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീർ, മലപ്പുറം ജില്ലാസെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam