Kanam Against R Bindu : 'ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല'; ആര്‍ ബിന്ദുവിനെതിരെ കാനം

By Web TeamFirst Published Dec 16, 2021, 4:45 PM IST
Highlights

എസ് രാജേന്ദ്രന്‍ സിപിഐയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ചില കാര്യങ്ങൾ സസ്പെൻസ് ആയി നിൽക്കട്ടെയെന്നും കാനം പറഞ്ഞു. 

കണ്ണൂര്‍: കണ്ണൂർ വിസി പുനർനിയമനത്തിൽ ഗവർണ്ണർക്ക് കത്തെഴുതിയ മന്ത്രി ആർ ബിന്ദുവിനെതിരെ (R Bindu) സിപിഐ (CPI). കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവർണ്ണർക്ക് ചട്ടം ലംഘിച്ച കത്തയച്ച് കുരുക്കിലായ ആ‌ർ ബിന്ദുവിനെ മുൻ നിയമമന്ത്രി എ കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ ന്യായീകരിക്കുമ്പോഴാണ് കാനം കടുപ്പിക്കുന്നത്. ചാൻസിലറും പ്രോ ചാൻസിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങൾ സിപിഐ അംഗീകരിക്കുന്നില്ല. മന്ത്രിയുടെ രാജി ഉയർത്തി പ്രതിപക്ഷം സമരം തുടരുമ്പോഴാണ് ബിന്ദുവിനെയും സിപിഎമ്മിനെയും  കുരുക്കിയുള്ള കാനത്തിന്‍റെ നിലപാട്.

സിപിഐ സംസ്ഥാന കൗണ്‍സിലിലും മന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നു. കാനം പരസ്യമായി കൂടി പറഞ്ഞതോടെ സർക്കാരും മുന്നണിയും വെട്ടിലാകുകയാണ്. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവർണർ തന്‍റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതൽ യുഡിഎഫ് ആവശ്യപ്പെടുന്നത് മന്ത്രിയുടെ രാജിയാണ്. ഇന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷി വരെ മന്ത്രിയുടെ ഇല്ലാത്ത അധികാരത്തിൽ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് ഇത് ആയുധമായി.

അതേസമയം സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നും കാനം പറഞ്ഞു. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളവര്‍. എസ് രാജേന്ദ്രന്‍ സിപിഐയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ചില കാര്യങ്ങൾ സസ്പെൻസ് ആയി നിൽക്കട്ടെയെന്നും കാനം പറഞ്ഞു. 

tags
click me!