കാനത്തിൻ്റെ സര്‍വ്വാധിപത്യം: ദിവാകരനും ഇസ്മയിലും സിപിഐ സംസ്ഥാന കൗണ്‍സിലിന് പുറത്ത്

By Web TeamFirst Published Oct 3, 2022, 5:44 PM IST
Highlights

കാനത്തെ നേരിടാൻ ഒന്നിച്ചെത്തിയ മുതിര്‍ന്ന നേതാക്കളായ കെ.ഇ.ഇസ്മയിലിനേയും സി.ദിവാകരനേയും പ്രായപരിധി ചൂണ്ടിക്കാട്ടി സംസ്ഥാന കൗണ്‍സിലിൽ നിന്നൊഴിവാക്കിയപ്പോൾ തന്നെ പാര്‍ട്ടിയിലെ കാനം പക്ഷത്തിൻ്റെ കരുത്ത് വ്യക്തമായി.

തിരുവനന്തപുരം: സിപിഐയിലെ കരുത്തുറ്റ നേതാവ് താനാണെന്ന് തെളിയിച്ച് കൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിൽ കാനം മൂന്നാമൂഴത്തിന് തുടക്കമിടുന്നത്. സംസ്ഥാന സമ്മേളനത്തിലുടനീളം കണ്ടത് കാനം പക്ഷത്തിൻ്റെ ആധിപത്യം. 

കാനത്തെ നേരിടാൻ ഒന്നിച്ചെത്തിയ മുതിര്‍ന്ന നേതാക്കളായ കെ.ഇ.ഇസ്മയിലിനേയും സി.ദിവാകരനേയും പ്രായപരിധി ചൂണ്ടിക്കാട്ടി സംസ്ഥാന കൗണ്‍സിലിൽ നിന്നൊഴിവാക്കിയപ്പോൾ തന്നെ പാര്‍ട്ടിയിലെ കാനം പക്ഷത്തിൻ്റെ കരുത്ത് വ്യക്തമായി. സംസ്ഥാന സമ്മേളനത്തിന് മുൻപ് കാണിച്ച പോരാട്ടവീര്യം സമ്മേളന വേദയിൽ കാണിക്കാൻ കാനത്തിൻ്റെ എതിരാളികൾക്കും സാധിച്ചില്ല. 

ഇസ്മയിൽ പക്ഷത്ത് നിന്നുള്ള അഞ്ച് പേരെ എറണാകുളം ജില്ലാ ഘടകം സംസ്ഥാന കൗണ്‍സിലിൽ നിന്നും വെട്ടി. അതേസമയം കാനം പക്ഷത്തുള്ള ഇ.എസ്.ബിജി മോളെ എതിര്‍പക്ഷത്തിന് മേധാവിത്വമുള്ള ഇടുക്കി ജില്ലാ ഘടകം സംസ്ഥാന കൗണ്‍സിലിലേക്ക് നിര്‍ദേശിക്കാതിരുന്നതും ശ്രദ്ധേയമായി. സംസ്ഥാന കൗണ്‍സിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ജില്ലാ ഘടകങ്ങളിൽ വലിയ മത്സരം പ്രതീക്ഷിച്ചെങ്കിലും എറണാകുളത്ത് മാത്രമാണ് മത്സരം നടന്നത്. ഭൂരിപക്ഷമുള്ള എറണാകുളത്ത് മുൻ സെക്രട്ടറി പി.രാജു അടക്കം മൂന്ന് പേരെ വെട്ടി കാനം പക്ഷം കരുത്ത് കാട്ടി.

കാനത്തെ താഴെയിറക്കാൻ ജനപ്രിയ നേതാവ് വി.എസ്.സുനിൽ കുമാറിനേയോ, പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം നടത്തിയെങ്കിലും ഇരുവരും മത്സരിക്കാൻ വിമുഖത കാട്ടിയതോടെ ആ നീക്കം പാളി. ഇതോടെ സി.എൻ ചന്ദ്രനെ മത്സരരംഗത്തിറക്കാൻ അണിയറ നീക്കം നടന്നെങ്കിലും ചന്ദ്രനും മത്സരിക്കാൻ തയ്യാറായില്ല. ഇതോടെ എതിരാളികളെ വെട്ടിയൊതുക്കി മൂന്നാം വട്ടവും സിപിഐയുടെ തലപ്പത്തേക്ക് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെടാൻ കാനത്തിനായി. 

അതേസമയം കാനം വിരുദ്ധ ചേരി ശക്തമായ ഇടുക്കിയിൽ ഇ.എസ് ബിജിമോൾക്ക് കനത്ത തിരിച്ചടി കിട്ടി സംസ്ഥാന കൗണ്‍സിൽ അംഗത്വവും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനവുമില്ലാതെ ആവും ബിജിമോൾ സംസ്ഥാന സമ്മേളനം കഴിഞ്ഞു മടങ്ങുക. 

tags
click me!