കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വീട്ടിൽ ഇ‍ഡി പരിശോധന

Published : Nov 25, 2023, 03:07 PM ISTUpdated : Nov 25, 2023, 03:15 PM IST
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വീട്ടിൽ ഇ‍ഡി പരിശോധന

Synopsis

പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്

കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്.

ഭാസുരാംഗന്‍റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാന്‍ഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാല്‍, ഇതിനെ ഇഡി എതിര്‍ത്തിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍വെച്ച് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ഇതിനിടെ, ഭാസുരാംഗന്‍റെ തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടില്‍ ഇ‍ഡി പരിശോധന തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് വീട്ടില്‍ പരിശോധന ആരംഭിച്ചത്. നേരത്തെ പരിശോധന പൂര്‍ത്തിയാക്കി ഈ വീട് ഇഡി സീല്‍ ചെയ്തിരുന്നു.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെയാണ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ അന്വേഷവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിരുന്നത്. ഭാസുരാംഗൻ പ്രതിയായ കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോട്ടിലുളളത്. 

തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്. 42 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങി. സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങൾ നിക്ഷേപിച്ചു. മാളവിക എന്റർപ്രൈസ് എന്ന പേരിൽ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും സഹോദരിയിൽ നിന്നും വാങ്ങിയതാണെന്നും അഖിൽജിത്ത് മൊഴി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും