
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നടന്ന ഇഡി പരിശോധന നീണ്ട 40 മണിക്കൂറിന് ശേഷം അവസാനിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന്റെ വൻ നിക്ഷേപങ്ങളിലെ രേഖകളിൽ സംശയം തോന്നിയതിനാൽ ഉദ്യോഗസ്ഥരെ ഇഡി വിശദമായി ചോദ്യം ചെയ്തു. മൂന്ന് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്.
കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്നലെ പുലർച്ച അഞ്ചര മണി മുതൽ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ റെയ്ഡ് അല്‍പ സമയം മുമ്പാണ് പൂര്‍ത്തിയാക്കിയത്. ഇന്നലെ ഒരുപകൽ മുഴുവൻ പൂജപ്പുരയിലെ വീട്ടിൽവെച്ചായിരുന്നു ഭാസുരാംഗന്‍റെ ചോദ്യം ചെയ്യൽ. രാത്രിയോടെ മാറനല്ലെൂരിലെ വീട്ടിലേക്ക് ഭാസുരാംഗനെ ഇഡി കൊണ്ടുപോയി. ഇവിടെ വെച്ചുള്ള ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗനെ ഇന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈക്ക് തരിപ്പുണ്ടായെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇഡി ചികിത്സയ്ക്ക് അനുമതി നൽകിയത്. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്.
രാവിലെയാണ് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഭാസുരാംഗനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നിരീക്ഷണത്തിനാണ് നിർദ്ദേശം. എപ്പോള്‍ ആശുപത്രി വിടുമെന്നതിനെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നില്ല. ഇഡി ഉദ്യോഗസ്ഥരും ആശുപത്രിയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam