കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പൂജപ്പുരയിലെ പരിശോധന പൂര്‍ത്തിയായി, ഭാസുരാംഗനുമായി ഇഡി കണ്ടലയിലെ വീട്ടില്‍

Published : Nov 08, 2023, 09:51 PM ISTUpdated : Nov 08, 2023, 09:53 PM IST
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പൂജപ്പുരയിലെ പരിശോധന പൂര്‍ത്തിയായി, ഭാസുരാംഗനുമായി ഇഡി കണ്ടലയിലെ വീട്ടില്‍

Synopsis

പൂജപ്പുരയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ ഭാസുരാംഗന്‍റെ വാഹനത്തിലാണ് ഇഡി ഉദ്യോഗസ്ഥർ കണ്ടലയിലെ വീട്ടിലേക്ക് പോയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഐ നേതാവ് ഭാസുരാംഗനുമായി ഇഡി ഉദ്യോഗസ്ഥര്‍ കണ്ടലയിലെ വീട്ടിലെത്തി. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണെന്നാണ് വിവരം.  ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലുമായി ഇന്ന് രാവിലെ ഇഡി പരിശോധന ആരംഭിച്ചിരുന്നു. ഇതോടൊപ്പം ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വാടക വീട്ടിലും മകന്‍റെ ഹോട്ടലിലും ഇഡി പരിശോധന ആരംഭിച്ചിരുന്നു. ഇവിടങ്ങളിലെ പരിശോധന പൂര്‍ത്തിയായതിന്  ഇതിനുപിന്നാലെയാണ് രാത്രിയോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്. ഭാസുരാംഗന്‍ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ ഇവിടെ ഉണ്ടെങ്കിലും  തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. സംശയനിവാരണത്തിനായാണോ രേഖകള്‍ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹാനത്തില്‍  കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ബാങ്കിലെ പരിശോധനയും തുടരുകയാണ്. ബാങ്കിലെ ഉദ്യോഗസ്ഥരെ ഇപ്പോഴും പുറത്തേക്ക് വിട്ടിട്ടില്ല. 


കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സര്‍വ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടലുണ്ടായത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്.സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി  ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്‍റെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു.  ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.

അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് ഇഡി പരിശോധിക്കുന്നത്. പത്തംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെയും പേരൂര്‍ക്കടയിലെ മുൻ സെക്രട്ടറി മോഹന ചന്ദ്രന്‍റെ വീട്ടിലും കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും അടക്കം ആറിടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് പണം നഷ്ടപ്പെട്ടവും ബാങ്ക് പരിസരത്ത് എത്തിയിരുന്നു.

101 കോടിയുടെ ആസ്തി ശോഷണം ബാങ്കിന് സംഭവിച്ചിട്ടുണ്ടെന്നും 35 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയ തുക ഭാസുരാംഗനിൽ നിന്നും കുടുംബാഗംങ്ങളിൽ നിന്നും  മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ച് പിടിക്കണമെന്നാണ് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ സാങ്കേതിക കാലതാമസത്തിലും മെല്ലപ്പോക്കിലുമിടെയാണ് ഇഡി പരിശോധന. ക്രമക്കേടിൽ അറുപതോളം എഫ്ഐആറുകൾ ഉണ്ടായിട്ടും പൊലീസ് നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പരിശോധനക്ക് ശേഷം ഇഡി സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്.

പല തരം തട്ടിപ്പുകളാണ് കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നത്. ഒന്നിട്ടാൽ രണ്ട്, രണ്ടിട്ടാൽ നാല് എന്നിങ്ങനെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് രീതി വരെ നടത്തിയിരുന്നുഭാസുരാംഗൻ. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള പേരിലുള്ള ഇരട്ടിപ്പ് തട്ടിപ്പും സഹകരണ രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു. 

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണവുമായി ഇ‍ഡി, സഹകരണ രജിസ്ട്രാര്‍ റിപ്പോര്‍ട്ട് കൈമാറി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു
തലശ്ശേരിയിൽ പോലും മുന്നേറ്റം; വടക്കൻ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിച്ച് യുഡിഎഫ്