
കണ്ണൂര്‍: എഡിഎം നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്‍റെ പരാതിയിൽ അടിമുടി ദുരൂഹത തുടരുന്നു. പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. എഡിഎമ്മിന്‍റെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ പരാതി ആണോ ഇതെന്ന സംശയം ബലപ്പെടുന്നത്.
തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ പ്രശാന്തന്‍റെ അറിവോടെ വ്യാജ ഒപ്പിട്ട് പരാതി തയാറാക്കി എന്നാണ് സൂചന. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരത്തെ നൽകിയ പരാതിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. പരാതി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുത്തു എന്ന രീതിയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ പരാതി എന്ന നിലയിൽ ആണ് സംശയങ്ങൾ. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രശന്ത് ഇതുവരെ നിഷേധിച്ചിട്ടില്ല. വ്യാജ പരാതിയെ കുറിച്ച് ഇത് വരെ ഒരാന്വേഷണവും നടക്കുന്നില്ല
അതേസമയം, എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയെക്കും. പെട്രോൾ പമ്പിന് എൻഒസി ബോധ പൂർവ്വം വൈകിപ്പിച്ചു എന്നതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. എഡിഎം നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇതുവരെ മൊഴി കൊടുത്തിട്ടില്ല. മൊഴി നൽകാൻ കാലതാമസം തേടുക ആണ് ചെയ്തത്. എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് പമ്പിന്‍റെ കാര്യത്തിൽ ഇടപെട്ടത് എന്നാണ് മൊഴികൾ.
ഇതിനിടെ, എംഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്‍റ് ഡയറക്ടർക്ക് മുൻപാകെ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രശാന്തിന് ഇന്നലെ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നോട്ടീസ് നൽകിയിരുന്നു. ഇലക്ട്രീഷ്യനായ പ്രശാന്തിനെ പുറത്താക്കുന്നതിൽ ആരോഗ്യവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam