കല്യാണത്തലേന്ന് ആഭാസനൃത്തം, തമ്മിൽത്തല്ല്, പകരം വീട്ടാൻ ബോംബ് പൊട്ടിച്ച് 'ട്രയൽ' നടത്തി അക്രമികൾ!

Published : Feb 14, 2022, 01:14 PM IST
കല്യാണത്തലേന്ന് ആഭാസനൃത്തം, തമ്മിൽത്തല്ല്, പകരം വീട്ടാൻ ബോംബ് പൊട്ടിച്ച് 'ട്രയൽ' നടത്തി അക്രമികൾ!

Synopsis

വിവാഹ ആഘോഷം കഴിഞ്ഞ് കല്യാണവീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ ബോംബ് പൊട്ടിയാണ് കണ്ണൂർ ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബ് തലയിൽത്തട്ടി തല പൊട്ടിത്തെറിച്ച് ദാരുണമായാണ് ജിഷ്ണു മരിച്ചത്. 

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതി മരിച്ച ജിഷ്ണുവിന്‍റെ സുഹൃത്ത് തന്നെയായ അക്ഷയ് ആണെന്ന് പൊലീസ്. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജ് എന്നയാളുടെ കല്യാണത്തലേന്ന് ഉണ്ടായ പാട്ടിന്‍റെയും ആഘോഷത്തിന്‍റെയും പേരിലുണ്ടായ തർക്കത്തിൽ രണ്ട് സംഘം ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ വരന്‍റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശികളായ ഒരു സംഘം തലേന്ന് വഴക്കുണ്ടാക്കിയ തോട്ടടയിലെ ഒരു സംഘം യുവാക്കളെ ആക്രമിക്കാൻ ബോംബുമായി എത്തി. 

എതിർസംഘത്തെ എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റെന്ന് ദൃക്സാക്ഷികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാൽ ഇത് പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല എന്നും കൃത്യമായ ആസൂത്രണത്തോടെയായിരുന്നുവെന്നുമാണ് സ്ഥലം കൗൺസിലർ കൂടിയായ കണ്ണൂർ മേയർ ടി ഒ മോഹനൻ ആരോപിക്കുന്നു. ബോംബേറിന് തലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്കരണസ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി. ഇവിടെ നിന്ന് അർദ്ധരാത്രി ഉഗ്രശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായതായി സമീപത്തുള്ളവർ പറഞ്ഞതായി തനിക്ക് വിവരമുണ്ട്. 

സിപിഎമ്മിന്‍റെ സജീവപ്രവർത്തകരാണ് കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളുമെന്നും, ജില്ലയിൽ ബോംബ് സുലഭമാകുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് പൊലീസ് ഗൗരവപരിശോധന നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു. 

സത്യത്തിൽ സംഭവിച്ചതെന്ത്?

ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്‍റെ കല്യാണത്തലേന്ന് രാത്രി കലാഭവൻ മണിയുടെ 'ബെൻ ജോൺസൺ' എന്ന സിനിമയിലെ ഐറ്റം ഡാൻസ് പാട്ടിനൊപ്പിച്ച് പെൺവേഷം കെട്ടി ഒരാൾ നടത്തിയ നൃത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആഭാസകരമായ രീതിയിൽ ഇയാൾക്കൊപ്പം ഡാൻസ് കളിച്ച ഒരു സംഘമാളുകളെ ഇതിൽ വ്യക്തമായി കാണാം. 

വരന്‍റെ കുടുംബക്കാരായ ഏച്ചൂരുകാരും നിലവിൽ ഷമിൽ വീട് വച്ച് താമസിക്കുന്ന തോട്ടടയിലെ യുവാക്കളും തമ്മിൽ ഇവിടെ വച്ചാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. പിറ്റേന്ന് ഏച്ചൂർ സംഘം നീല ഷർട്ടും വെള്ള മുണ്ടും കയ്യിൽ റിബ്ബണുമായി വരനെ കല്യാണശേഷം അനുഗമിച്ചു. വീടെത്താറാകുമ്പോഴേക്ക് അവിടെ കാത്തിരുന്ന തോട്ടടയിലെ യുവാക്കളുടെ മുന്നിലേക്ക് ആദ്യമൊരു ബോംബെറിഞ്ഞു. ആ ബോംബ് പൊട്ടിയില്ല.

പിന്നാലെ രണ്ടാമത് എറിഞ്ഞ ബോംബ് അക്ഷയ് എറിഞ്ഞപ്പോൾ കൊണ്ടത് കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിന്‍റെ തലയ്ക്ക്. ഏറുപടക്കത്തിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിറച്ച് കെട്ടിയുണ്ടാക്കിയ നാടൻ ബോംബിന്‍റെ പ്രഹരത്തിൽ ജിഷ്ണുവിന്‍റെ തലച്ചോർ ചിന്നിച്ചിതറി. 

ബോംബെറിഞ്ഞ അക്ഷയുടെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ജിഷ്ണു. മരിച്ച ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനം ബോംബിന്‍റെ കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കൾ ചേർത്ത് ഇവർ നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കല്യാണപ്പാർട്ടിക്കായി പോകുന്ന വഴിക്കുള്ള സംഘത്തിലെ റിജുൽ സി കെ, സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. 

എന്നാൽ തന്‍റെ മകൻ അക്ഷയിന് കേസിൽ ഒരു ബന്ധവുമില്ലെന്നും, പ്രതിയല്ലെന്നുമാണ് അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മകന് ഒരു ക്രിമിനൽ പശ്ചാത്തലവുമില്ല. നിരപരാധിയാണ്. രാഷ്ട്രീയക്കാരനല്ല അക്ഷയ് എന്നും, ഒരു രാഷ്ട്രീയപ്പാർട്ടിയോടും അനുഭാവമില്ലെന്നും അച്ഛൻ പറയുന്നു. 

സ്ഫോടനം നടന്ന സമയത്ത് ഉയർന്ന തീഗോളത്തിൽ പരിസരവാസികൾ അടക്കം പലർക്കും പൊള്ളലേറ്റിട്ടുണ്ട്. കല്യാണം കഴിഞ്ഞ് പോകുന്നവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നും, എന്തോ ഭാഗ്യത്തിനാണ് ബോംബേറിൽ കുട്ടികൾക്ക് അടക്കം പരിക്കേൽക്കാതിരുന്നതെന്നും സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷി ഹേമന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നെറ്റിയിലടക്കം മുറിവോടെയാണ് ഹേമന്ദ് ഞങ്ങളുടെ പ്രതിനിധിയോട് സംസാരിച്ചത്. കല്യാണ ആഘോഷത്തിനിടെ നാടിനെ ഞെട്ടിച്ച് ഉണ്ടായ ബോംബേറിന്‍റെ ഭീതിയിൽ നിന്ന് ഇനിയും ഈ നാട് മുക്തമായിട്ടില്ല. 

PREV
click me!

Recommended Stories

മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടിയ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം
ഇരട്ടപ്പദവി: സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി