
കണ്ണൂര്‍: അക്രമരാഷ്ട്രീയത്തിനും ഒരു ബോംബിനും തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിച്ച് നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവനത്തിന്‍റെ പാതയില്‍ ഓടി ഒന്നാമതെത്തി അസ്ന. കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ബോംബേറില്‍ കാൽ നഷ്ടപ്പെട്ട അസ്ന ഇന്ന് മുതൽ സ്വന്തം നാട്ടിലെ ഡോക്ടറാണ്. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി അസ്ന ഇന്ന് ചുമതലയേറ്റു. അഞ്ചാം വയസില്‍ ബോംബേറില്‍ കാല് നഷ്ടപ്പെട്ട് ജീവിതം നഷ്ടപ്പെടുമെന്ന് കരുതിയ അസ്നയ്ക്ക് ഇത് തന്നെ വീഴ്ത്തിയ വിധിയോടും അക്രമ രാഷ്ട്രീയത്തോടും പടവെട്ടി നേടിയ വിജയമാണ്.
അച്ഛന്‍ നാണുവിന് ഒപ്പമെത്തി ബുധനാഴ്ച രാവിലെ 9.30നാണ് അസ്‌ന ചുമതലയേറ്റത്. 2000 സെപ്റ്റംബറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് ബോംബെറിൽ അസ്നക്ക് കാൽ നഷ്ടപ്പെട്ടത്. ബിജെപി പ്രവർത്തകർ ആയിരുന്നു പ്രതികൾ. 11 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇന്ന് മുതല്‍ സ്റ്റേതസ്കോപ്പ് വെച്ച്, രോഗികളെ പരിശോധിച്ചു അസ്ന മരുന്നെഴുത്തുമ്പോൾ ഈ യാഥാർഥ്യത്തിനും അന്നത്തെ ചോര ചിതറിയ വേദനയ്ക്കും ഇടയിൽ 19 വർഷത്തെ അകലം ഉണ്ട്.
ബോംബെറിൽ കാൽ ചിതറിപ്പോയ ആ പെണ്കുട്ടി, അതേ നാട്ടിൽ ഡോക്ടറായെത്തുമ്പോള്‍ ആശുപത്രി മുറ്റത്ത് അഭിമാനത്തോടെ മറ്റൊരാള്‍ നിൽക്കുന്നുണ്ടായിരുന്നു. മകളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഓരോ ഇടത്തും താങ്ങായും തണലായും നടന്ന അച്ഛൻ നാണു. ഡോക്ടറാവുക എന്നത്ബോം ബേറില്‍ കാല് നഷ്ടപ്പെട്ട് ആശുപത്രിക്കിടക്കയിൽ കിടന്ന സമയത്ത് മുളപൊട്ടിയ സ്വൊപ്നമാണെന്ന് അച്ഛന്‍ പറയുന്നു.
അന്നത്തെ ബോംബേറ് കേസില്‍ പ്രതികളില്‍ പലരും പിന്നീട് പാർട്ടി മാറി, പദവികൾ മാറി. ചിലർ ഒതുങ്ങിക്കൂടി.. അവരും ഒരുപക്ഷേ ഇനി അസ്നയ്ക്ക് മുന്നിൽ എത്തും. ഏതായാലും മുറിവേല്പിച്ചവർക്ക് മുന്നിൽ തന്നെ മുറിവുകൾക്ക് മരുന്നായി അസനയെത്തുമ്പോൾ അതില്പരം കാവ്യ നീതി വേറെയില്ല.
അത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് തന്‍റെ ആഗ്രഹം നിറവേറ്റിയ അസ്‌നയ്ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി രാഷ്ട്രീയ നേതാക്കളുള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന, പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് നമ്മുടെ ഹൃദയം കവര്‍ന്നതെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷിബു ബേബി ജോണിന്‍റെ ആശംസ.
"
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
2000 സെപ്തംബർ 27 ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം BJP യുടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്നയെന്ന പിഞ്ചുബാലികയെ കേരളം ഇന്നും മറന്നിട്ടില്ല. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് നമ്മുടെ ഹൃദയം കവർന്നത്. MBBS പഠനത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെത്തിയ അസ്നയ്ക്ക് നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായി മാറിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഇടപെട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് സ്ഥാപിച്ചത്. ഒടുവിൽ ഒരുപാട് രോഗികൾക്കും ആ ലിഫ്റ്റൊരു ആശ്രയമായത് ചരിത്രം.
പറഞ്ഞുവന്നത് അസ്ന പഠനം പൂർത്തിയാക്കി ഹൗസ് സർജൻസിയും കഴിഞ്ഞ് കണ്ണൂര്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്ന് ചുമതലയേല്‍ക്കുകയാണ്. രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. വലതുകാൽപാദം നഷ്ടപ്പെട്ട് മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയിൽ വളർത്തിയത്. അതുപോലെ വേദന അനുഭവിക്കുന്ന നിരവധിപേർക്ക് സാന്ത്വനമാകാൻ ഇനി അസ്നയ്ക്കും കഴിയട്ടെ.
ഡോ. അസ്നയ്ക്ക് അഭിനന്ദനങ്ങൾ.
ജീവിതവിജയത്തിന് ആശംസകളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam