
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ശരണ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാണ് വിളിപ്പച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകൾ പൊലീസിന് നൽകിയത്.
ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. 'ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്‍റെ മൃതദേഹം ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam