
കണ്ണൂര്‍: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സ്ത്രീയോട് ക്ഷോഭിച്ചെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ കളക്ടര്‍ രംഗത്ത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കളക്ടര്‍ ടിവി സുഭാഷ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ കൈപിടിച്ച് സംസാരിക്കാനെത്തിയ സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കവെ പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായതെന്നും കളക്ടര്‍ വിവരിച്ചു. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് മുഖ്യമന്ത്രി നിർദേശിച്ചതെന്നും കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കളക്ടറുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam