
കണ്ണൂര്‍: കണ്ണൂർ കേളകത്ത് നാടക സമിതിയുടെ മിനി ബസ് മറിഞ്ഞ് മരിച്ച രണ്ടു പേരുടെയും പോസ്റ്റ്‍മോർട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നാളെ രാവിലെ എട്ടുമണി മുതൽ കായകുളം കെപിഎസിയിൽ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് അഞ്ജലിയുടെ മൃതദേഹം കായംകുളത്തും ജെസിയുടെ മൃതദേം ഓച്ചിറയിലും സംസ്കരിക്കും. അപകടത്തിൽ പരിക്കേറ്റ ഒൻപത് പേർ കണ്ണൂരിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 25000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.
കണ്ണൂർ കടന്നപ്പള്ളിയിൽ വനിത മെസ് എന്ന പേരിലുള്ള നാടകം അവതരിപ്പിച്ചശേഷം കായകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം വയനാട്ടിലേ സുൽത്താൻ ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. സുൽത്താൻ ബത്തേരിയിലായിരുന്നു അടുത്ത അരങ്ങ് നിശ്ചയിച്ചിരുന്നത്. പതിനാലംഗ സംഘം അർധരാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ യാത്ര രണ്ട് പേരുടെ മരണത്തിലാണ് അവസാനിച്ചത്. ഗൂഗിൾമാപ്പ് നോക്കിയായിരുന്നു സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്.
മണ്ണിടിച്ചിൽ കാരണം ഗതാഗതം നിരോധിച്ച നെടുംപൊയിൽ പേര്യ ചുരത്തിലേക്കാണ് വണ്ടി ആദ്യമെത്തിയത്. വഴി തെറ്റിയതോടെ കൊട്ടിയൂർ പാൽച്ചുരം റൂട്ടിലൂടെ മാപ്പ് നോക്കി യാത്ര തുടർന്നു. ഇതിനിടെയാണ് മലയാംപാടിയിലെ കൊടുംവളവിൽ ബസ് മറിഞ്ഞത്. മരിച്ച കായംകുളം സ്വദേശി അഞ്ജലിയും കരുനാഗപ്പളളി സ്വദേശി ജെസി മോഹനും നാടകസമിതിയിലെ പ്രധാന നടിമാരാണ്.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തുച്ഛം തുകയ്ക്കാണ് നാടകജീവിതം. മൃതദേഹം നാട്ടിലെത്തിക്കാനും ചികിത്സാച്ചെലവിനും സംഘത്തിന് പണമില്ല. ഇതുസംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സർക്കാർ ഇടപെടലുണ്ടായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25000 രൂപ സഹായം. പരിക്കേറ്റവരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കും. അതേസമയം, തുക അപര്യാപ്തമെന്ന് കരുനാഗപ്പളളി എംഎൽഎ സി.ആർ.മഹേഷ് പറഞ്ഞു.
പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam