
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് ബാധിത മേഖലയായി കണ്ണൂർ ജില്ല. ഇന്ന് പുറത്തു വന്ന കണക്കുകൾ അനുസരിച്ച് 52 പേരാണ് കണ്ണൂരിൽ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർ കാസർകോട് സ്വദേശികളാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറ് പേരും കണ്ണൂരിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ ജനങ്ങൾ പോയ ഒരു മാസത്തോളം കർശനമായ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടിയെങ്കിലും അതിനിപ്പോൾ ഫലം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിലുള്ളതിലും കൂടുതൽ പേർ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ടായിരുന്നത് കാസർകോടാണ്. എന്നാൽ ഇവിടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരെല്ലാം അതിവേഗം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ട്. ഇന്ന് പരിശോധന ഫലം നെഗറ്റീവായ 21 കൊവിഡ് രോഗികളിൽ 19 പേരും കാസർകോട് സ്വദേശികളാണ്. കഴിഞ്ഞ ദിവസങ്ങളിലും ഒരുപാട് പേർ കാസർകോട് നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു.
നിലവിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് പത്തിലേറെ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത്. കണ്ണൂർ (52), കാസർകോട് (25), കോഴിക്കോട് (13). മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആറ് പേർ വീതം ചികിത്സയിലുണ്ട്. അഞ്ച് പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ജില്ലകളിൽ രണ്ട് പേർ വീതവും വയനാട്ടിൽ ഒരാളും ചികിത്സയിലുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളെ കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമായ ജില്ലകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam