
കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ. പായം സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭര്‍ത്താവ് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിനീഷിനെതിരെ സ്ത്രീ പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി. കഴിഞ്ഞ തിങ്കഴാഴ്ചയാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്നേഹയുടെ മരണത്തിൽ ഇരിട്ടി പൊലീസ് കേസെടുത്തശേഷം പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനുശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭർത്താവ് ജിനീഷിന്‍റെ വീട്ടുകാരുടെയും പീഡനമാണെന്നാണ് സ്നേഹയുടെ വീട്ടുകാരുടെ ആരോപണം. ജിനീഷ് സ്നേഹയെ സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു. സ്നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടിയിരുന്നു. മരണത്തിന് കാരണം ഭർത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അഞ്ച് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്‍റെയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ജിനീഷ് സ്നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് വരുത്തി തീർക്കാൻ ജിനീഷിന്‍റെ കുടുംബം ശ്രമിച്ചെന്നം കുടുംബം ആരോപിക്കുന്നു.
മുൻപും സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുടർന്ന് ഗർഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. ജിനീഷുമായുണ്ടായ വഴക്കിനെ തുടർന്ന് ഏപ്രിൽ 15ന് സ്നേഹ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്കെത്തി. അന്നു തന്നെ ഉളിക്കൽ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് സുരക്ഷയിലായിരുന്നു ജിനീഷിന്‍റെ വീട്ടിലെത്തി സ്നേഹയുടെ സാധനങ്ങൾ എടുത്ത് മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam