
കണ്ണൂര്‍: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ റിമാൻഡ് ചെയ്തു. പ്രതിയെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് അഷം കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ പിടിയിലായത്. രാത്രി കണ്ണപുരത്തെത്തിച്ച പ്രതിയെ ഇന്നലെയും ഇന്നും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സ്ഫോടനത്തിൽ നേരിട്ട് പങ്കില്ലെന്ന് അനു മാലിക് ആവർത്തിച്ചു. സമാനമായ ഏഴ് കേസുകളിൽ പ്രതിയായ ഇയാൾ ഒരേ കുറ്റകൃത്യം ആവർത്തിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാടുള്ള സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടിയശേഷം സംസ്ഥാനം വിടാനായിരുന്നു പ്രതിയുടെ നീക്കം. കണ്ണൂർ നഗരത്തിൽ കച്ചവടക്കാരനായിരുന്ന ഈ സുഹൃത്തിനോട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് അനു മാലിക് പറഞ്ഞിരുന്നു. എന്നാൽ, സ്ഫോടനത്തിൽ അടുത്ത ബന്ധുവായ മുഹമ്മദ് അഷാമിന്‍റെ മരണം അനു മാലികിനെ തളർത്തി. കീഴടങ്ങാൻ ഒരുങ്ങി. ഇതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പ്രതി കച്ചവടക്കാരനെന്നും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രതിയുടെ രാഷ്ടീയ ബന്ധത്തിൽ സിപിഎമ്മും കോണ്‍ഗ്രസും ആരോപണ പ്രത്യാരോപണങ്ങളുയർത്തിയിരുന്നു. അനധികൃതമായി നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്ത പടക്കനിർമ്മാണത്തിനുളള സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം. മൂന്ന് ദിവസത്തിനു ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തലാണ് അന്വേഷണം. തെളിവെടുപ്പടക്കം പൂർത്തിയാക്കി പഴുതടച്ചുളള കുറ്റപത്രം നൽകാനാണ് പൊലീസിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam