
തൃശൂർ: കേരളത്തിന്‍റെ ഹൃദയം കവർന്ന കൗമാര കലാമേളക്ക് ആവേശകരമായ കൊടിയിറക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ജേതാക്കളായ കണ്ണൂരിന് സ്വർണ്ണക്കപ്പ് സമ്മാനിച്ചതോടെയാണ് അഞ്ച് ദിനരാത്രങ്ങൾ നീണ്ടുനിന്ന ആരവത്തിന് തിരശ്ശീല വീണത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മലയാളത്തിന്‍റെ മഹാനടൻ മോഹൻ ലാൽ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവരെല്ലാം ചേർന്നാണ് കണ്ണൂരിന് കലാകിരീടം സമ്മാനിച്ചത്. കുട്ടികളുടെ ആവേശത്തിന് നിറഞ്ഞ കയ്യടിയും അഭിനന്ദനങ്ങളുമാണ് ഏവരും നൽകിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂർ കലാകിരീടത്തിൽ മുത്തമിട്ടത്.
സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി. 5 പോയിന്‍റ് വ്യത്യാസത്തിലാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. 1023 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്‍റാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിന്‍റാണ് കോഴിക്കോട് ജില്ലക്കുള്ളത്. ജില്ലയിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തോടെ കണ്ണൂർ വീണ്ടും കേരളത്തിന്റെ കലോത്സവത്തിലെ അഭിമാന നേട്ടം പിടിച്ചെടുക്കുകയായിരുന്നു. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.
കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ പറഞ്ഞു. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്. തോൽവി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവാണ് അവര്‍ക്ക് നൽകുന്നത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി ഇത്രയധികം തുകയും ഒരുക്കവും നടത്തുന്ന സര്‍ക്കാരിനോട് നന്ദിയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഇത്രയും ജനപ്രീതിയാര്‍ച്ചിട്ടും പല സംവിധായകരും സ്കൂള്‍ കലോത്സവത്തിൽ പ്രതിഭകളെ തേടിയെത്തുന്നുണ്ട്. മലയാള സിനിമക്കും യുവജനോത്സവങ്ങള്‍ കുറെയെറെ പ്രതിഭകളെ സമ്മാനിച്ചു. മഞ്ജു വാര്യര്‍, നവ്യ നായര്‍, യദു കൃഷ്ണൻ, ശരത് ദാസ് തുടങ്ങിയവരൊക്കെ കലോത്സവ വേദികളിലെ സമ്മാനങ്ങളാണ്. ഏതുവേഷം ധരിച്ചാണ് ഇവിടെ എത്തുന്നതെന്നാണ് എല്ലാവരും ചോദിച്ചതെന്നും എല്ലാവര്‍ക്കും ഇഷ്ടപെടുന്ന കൈത്തറിയാണ് ധരിച്ചതെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി ചെറുതായി മീശ പിരിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. വടക്കുംനാഥനെ വണങ്ങിയാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam