Latest Videos

കണ്ണൂരിലെ അവയവ കച്ചവട പരാതി: കൂടുതൽ വെളിപ്പെടുത്തലുമായി യുവതി, ആരോപണങ്ങളിൽ പൊലീസിന് നിരവധി സംശയങ്ങൾ

By Web TeamFirst Published May 26, 2024, 8:40 AM IST
Highlights

യുവതി പിന്മാറിയത് പണമിടപാട് തർക്കത്തെ തുടർന്നെന്ന സംശയത്തിലാണ് പൊലീസ്

കണ്ണൂര്‍: അവയവ കച്ചവട പരാതിയിൽ ഭര്‍ത്താവിനും ഇടനിലക്കാരനായ ബെന്നിക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. വൃക്ക നൽകിയാൽ കിട്ടുന്നത് 40 ലക്ഷം വരെയാണെന്നും കരൾ നൽകിയാൽ അതിലും കൂടുതൽ കിട്ടുമെന്നും അവര്‍ പറഞ്ഞു. എന്നാൽ ദാതാവിന് വെറും 9 ലക്ഷം മാത്രം നൽകി ബാക്കി പണം ഇടനിലക്കാരൻ തട്ടിയെടുക്കുന്നതാണ് പതിവ്. തന്റെ ഭ‍ര്‍ത്താവും ഇടനിലക്കാരൻ ബെന്നിയുമെല്ലാം വൃക്ക ദാനം ചെയ്തവരാണ്. ബെന്നി ഇടപെട്ട് അമ്പതോളം പേരെ അവയവ കച്ചവടത്തിന് ഇരയാക്കിയെന്നും അവര്‍ ആരോപിച്ചു.

എന്നാൽ പരാതിക്കാരിയെ പൂര്‍ണമായും വിശ്വസിക്കാൻ പൊലീസ് ഒരുക്കമല്ല. യുവതി പിന്മാറിയത് പണമിടപാട് തർക്കത്തെ തുടർന്നെന്ന സംശയത്തിലാണ് പൊലീസ്. കച്ചവടം നടന്നത് യുവതിയുടെ സമ്മതത്തോടെ തന്നെയാണെന്നും ഒരു ലക്ഷം കമ്മീഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇടനിലക്കാരനുമായി തെറ്റിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഭർത്താവും ഇടനിലക്കാരനും ഭീഷണിപ്പെടുത്തിയത് കൊണ്ട് പിന്മാറിയെന്നാണ് യുവതിയുടെ പരാതി.

തന്നെ വൃക്ക വിൽക്കാൻ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് യുവതി രംഗത്ത് വന്നത്. 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ചെന്നാണ് പരാതി. കണ്ണൂര്‍ നെടുംപൊയിലിൽ സ്വദേശിയായ ആദിവാസി യുവതിയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ്  പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2014ൽ ബെന്നി വഴി ഭർത്താവിന്‍റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാൻ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുൾപ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകൾ ശരിയാക്കി. ഭയം കാരണം പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!