
കൽപറ്റ: വയനാട് പെരിയയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂർ സിറ്റി പൊലീസ്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവർക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ പൊലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഉണ്ണിമായ, ചന്ദ്രു എന്നിവരാണ് പൊലീസ് പിടിയിലായത്. പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പെരിയയിലും വിലസിയ മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്.
കഴിഞ്ഞ ദിവസം, ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു നാലംഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ സന്ദേശ വാഹകൻ തമ്പി എന്ന ഷിബുവിൽ നിന്ന് ലഭിച്ച വിവരങ്ങൾ ആണ് പോലീസ് നീക്കത്തിനു വഴി ഒരുക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam