
കണ്ണൂര്‍: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ തെറ്റിച്ചതിന് കണ്ണൂര്‍ എസ്പി യതീഷ്ചന്ദ്ര ഏത്തമിടീച്ചവരില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകളേയും എസ്പി ഏത്തമിടീച്ചു. നിര്‍ധനര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കല്‍ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ നിര്‍ബന്ധിച്ച് ഏത്തമിടീച്ചെന്നും അഴീക്കല്‍ സ്വദേശി പറഞ്ഞു. നേരത്തെ, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
സംഭവം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.എസ് പിയുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇത്തരം നടപടി പൊലീസിന്റെ യശസിന് മങ്ങലേല്‍പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ അഴിക്കലില്‍ വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏത്തമിടീച്ചത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്.ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam