തല മുതൽ കാൽപ്പാദം വരെ മുറിവുകൾ, തീരാ നോവായി നിഹാല്‍ നൗഷാദ്, പ്രതിഷേധത്തിൽ നാട് 

Published : Jun 12, 2023, 11:08 AM ISTUpdated : Jun 12, 2023, 11:10 AM IST
തല മുതൽ കാൽപ്പാദം വരെ മുറിവുകൾ, തീരാ നോവായി നിഹാല്‍ നൗഷാദ്, പ്രതിഷേധത്തിൽ നാട് 

Synopsis

കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 

കണ്ണൂർ :  പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ തീരാ നോവിൽ തേങ്ങി കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ  മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 

ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള  നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം: ദാരുണം, ഞെട്ടിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ്

വേദനയോടെ കൂട്ടുകാർ 

നിഹാലിന്റെ ദാരുണ മരണത്തിന്റെ വേദനയിലാണ്  കൂട്ടുകാരനായ അജുവദ് അടക്കമുള്ളവർ. എന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ചു റോഡിൽ ഓടാറുള്ള നിഹാലിനെ വീട്ടിൽ തിരികെയെത്തിച്ചിരുന്നത് കൂട്ടുകാരായിരുന്നു. 7 വയസുള്ള സൽമാൻ ഫാരിസ് എന്ന കുട്ടി പിന്നാലെ ഓടിയിരുന്നെങ്കിലും നിഹാലിനെ കാണാൻ കഴിയാതെ തിരിച്ചു വരികയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  

നായ ഭീതിയിൽ നാട്ടുകാർ 

പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്ന മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നായ കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു. തെരുവ് നായ കുട്ടിയെ കടിച്ചു കൊന്ന ദാരുണ സംഭവത്തിൽ കോടതി ഇടപെടണമെന്നാണ് കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം.  ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും  കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അറിയിച്ചിട്ടുണ്ട്. 

നോവായി നിഹാൽ, ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ