കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസ്: കസ്റ്റഡിയിൽ ഉള്ളത് യുപി സ്വദേശി; പ്രതി കുറ്റം സമ്മതിച്ചെന്ന് സൂചന

By Web TeamFirst Published Jun 1, 2023, 5:22 PM IST
Highlights

ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്

കണ്ണൂർ: ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് വ്യക്തമാക്കി പൊലീസ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ട് കത്തിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് സ്ഥിരമായി ഉണ്ടാകാറുള്ള വ്യക്തി ആണ് ഇയാളാണെന്നാണ് സാക്ഷി മൊഴി. നേരെത്തെ റയിൽവേ സ്റ്റേഷന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ച് ഭീതി ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.  കസ്റ്റഡിയിൽ ഉള്ള ആൾ ഇന്നലെ ട്രാക്കിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി മൊഴി നൽകിയിട്ടുണ്ട്. 

പ്രതി സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നയാളാണെന്നാണ് വിവരം. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അത്തരം പ്രവർത്തികളിൽ ഇയാൾ മുൻപ് ഏർപ്പെട്ടിരുന്നോയെന്നത് വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. എന്നാൽ പൊലീസ് ഇതുവരെ പ്രതിയുടെ പേരടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്നലത്തെ ആക്രമണത്തിൽ കത്തിനശിച്ചിരുന്നു. ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകളിട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് സംശയം. ഇന്നലെ രാത്രി 11.07 ന് യാത്ര അവസാനിപ്പിച്ച ട്രെയിനായിരുന്നു ഇത്. 11.45 ഓടെ കണ്ണൂർ സ്റ്റേഷനിലെ എട്ടാം ട്രാക്കിൽ ട്രെയിൻ നിർത്തി. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചിൽ പുലർച്ചെ ഒരു മണിക്ക് ശേഷം കയറിയ അക്രമി പുലർച്ചെ 1. 27നാണ് തീയിട്ടത്. ഫയർ ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!